പന്തളം: ശബരിമല തീർത്ഥാടനം തുടങ്ങാറായിട്ടും , തീർത്ഥാടകർ ഏറ്റവും കൂടുതൽ എത്തുന്ന റോഡുകളിലൊന്നായ തൃക്കുന്നപ്പുഴ - പത്തനംതിട്ട റോഡിന്റെ പണി ഇഴയുന്നു. തീർത്ഥാടകരിൽ മിക്കവരും പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിലും വലിയകോയിക്കൽ ശാസ്താ ക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷമാണ് ശബരിമലയിലേക്ക് പോകുന്നത്.
നാഷണൽ ഹൈവയിൽ നങ്ങ്യാർകുളങ്ങര ജംഗ്ഷനിൽ നിന്ന് പന്തളം വഴി ശബരിമലയിലേക്ക് എത്തുന്നതിന് ആയിരക്കണക്കിന് ഭക്തരാണ് ഇൗ റോഡിലൂടെ പോകുന്നത്. റോഡിന്റെ പണി തുടങ്ങിയിട്ട് പത്തുമാസത്തിലേറെയായി. ഇപ്പോഴും ഇഴഞ്ഞുനീങ്ങുകയാണ് .1 14 കോടി രൂപ മുടക്കിയാണ് കെ.എസ്.ടിപി തൃക്കുന്നപ്പുഴ- പന്തളം- പത്തനംതിട്ട റോഡ് പണിയുന്നത്. പലയിടങ്ങളിലും റോഡ് മുറിച്ച് കലുങ്കും ഓട യും പണിയുന്നതിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. റോഡ് മുറിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പണി നടക്കാത്ത ഭാഗങ്ങളുമുണ്ട്.
പന്തളം-മാവേലിക്കര റോഡിൽ കുന്നിക്കുഴി ജഗ്ഷനു സമീപമുള്ള കലുങ്ക് പണി കാരണം ഇൗഭാഗുത്തുള്ളവർ ബുദ്ധിമുട്ടുന്നു.
ഈ ഭാഗത്ത് 7 മാസത്തിലധികമായി നടക്കുന്ന പണി ഇതുവരെ പൂർത്തിയായിട്ടില്ല. മഴക്കാലമായതോടെ വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ലാതെ ഓടയിൽ കെട്ടിനിൽക്കുകയാണ്. ചെറിയ രണ്ട് കലുങ്കിന്റെയും ഓടയുടെയും പേരിലാണ് നാട്ടുകാരെ കരാറുകാർ മാസങ്ങളോളമായി വലയ്ക്കുന്നത്.
പന്തളം -മാവേലിക്കര റോഡിൽ നടക്കുന്ന നിർമ്മാണത്തെക്കുറിച്ച് പരാതികളേറെയാണ്. പണിക്ക് അത്യാധുനിക സംവിധാനവും യന്ത്രങ്ങളുമുണ്ടെന്ന് പറയുമ്പോഴും വേഗം വളരെ കുറവാണ്.
തകരാറിലായ കലുങ്കുകൾ പുതുക്കിപ്പണിയൽ, ഇരുവശത്തും ഓട, സിഗ്നൽ സംവിധാനം ,ബാരിക്കേഡ് തുടങ്ങിയവ പദ്ധതിയിലുണ്ട്. ആലപ്പുഴ ജില്ലയിൽനിന്നുള്ള പ്രധാന ശബരിമലപാതകൂടിയാണിത് . മണ്ണാറശാല, ഓച്ചിറ, ചെട്ടികുളങ്ങര, നൂറനാട് ,പടനിലം തുടങ്ങി നിരവധി ക്ഷേത്രങ്ങളിൽ ദർശനം നടത്തി പന്തളത്ത് എത്തി ശബരിമലയ്ക്ക് ഭക്തർ യാത്ര ചെയ്യുന്നതിന് ആശ്രയിക്കുന്ന റോഡുകൂടിയാണ്.