തിരുവല്ല: പെരിങ്ങര പഞ്ചായത്തിലെ മേപ്രാലിൽ രാത്രികാലങ്ങളിൽ മറവിൽ വാഹനങ്ങളുടെ ബാറ്ററികൾ മോഷ്ടിക്കുന്നത് പതിവായി. ഇന്നലെ രാതി നാലുപറമ്പിൽ ബിജുവിന്റെ വാഹനത്തിൽ നിന്നും ബാറ്ററി മോഷ്ടിച്ചതാണ് ഒടുവിലത്തെ സംഭവം. രണ്ടാഴ്ചയ്ക്കിടെ വഞ്ചിക്കൽ വീട്ടിൽ സുരേന്ദ്രന്റെ മിനി വാനിന്റെയും അനന്ദുവിന്റെ ടിപ്പറിന്റെയും ബാറ്ററികൾ കവർന്നിരുന്നു. ഉപജീവനത്തിനായി വായ്പ്പയെടുത്തും ആഭരണങ്ങൾ പണയപ്പെടുത്തിയും സാധാരണക്കാർ വാങ്ങിയ വാഹനങ്ങളുടെ ബാറ്ററികളാണ് മോഷ്ടിക്കുന്നത്. ഇതോടെ വാഹനം ഓടിക്കാൻ പോലും കഴിയാതെ വീട് പുലർത്താൻ ബുദ്ധിമുട്ടുകയാണ് വാഹന ഉടമകൾ. പൊലീസിൽ പരാതി നൽകാത്തതും മോഷ്ടാക്കൾ അവസരമാക്കിയിരിക്കുകയാണ്. മുമ്പ് മോഷണ പെരുകിയപ്പോൾ വാർഡ് മെമ്പർ എം.സി.ഷൈജുവിന്റെ നേതൃത്വത്തിൽ നാട്ടുകാർ സംഘടിച്ച് പലയിടത്തും കാവലിരുന്നതോടെയാണ് മോഷണം കുറഞ്ഞത്. അടുത്തകാലത്ത് തെരുവ് നായ്ക്കൾക്ക് രാത്രിയിൽ വിഷം നൽകി കൂട്ടത്തോടെ കൊന്നൊടുക്കിയിരുന്നു. ഈ സംഭവത്തിന് പിന്നിലും മോഷ്ടാക്കളാണെന്ന് നാട്ടുകാർ സംശയിക്കുന്നു. സാമൂഹ്യവിരുദ്ധരുടെയും മോഷ്ടാക്കളുടെയും അതിക്രമങ്ങൾ പെരുകുന്ന മേപ്രാലിലും പരിസര പ്രദേശങ്ങളിലും പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.