പത്തനംതിട്ട: നടൻ എം.ജി.സോമൻ വിട വാങ്ങിയിട്ട് 25 വർഷമാകുന്നതിന്റെ ഭാഗമായി എം.ജി.സോമൻ ഫൗണ്ടേഷൻ നേതൃത്വത്തിൽ തിരുവല്ലയിൽ ഒരു മാസം നീളുന്ന പരിപാടികൾ സംഘടിപ്പിക്കുന്നു . 17 ന് ലഹരിക്കെതിരെ തെരുവ് നാടക ബോധവത്കരണ പരിപാടിയോടെയാണ് തുടക്കം . ഡിസംബർ 19 ന് എം.ജി. സോമൻ സ്മ്യതി സന്ധ്യ , അവാർഡ് നിശ എന്നീ പരിപാടികളോടെ സമാപിക്കും . സമാപന ചടങ്ങിൽ ചലച്ചിത്ര താരം കമൽഹാസന് എം.ജി.സോമൻ സ്മാരക ലൈഫ് അച്ചീവ്‌മെന്റ് അവാർഡ് സമ്മാനിക്കും . അഞ്ചു ലക്ഷം രൂപയും ഫലകവും മംഗള പത്രവുമുൾപ്പെടുന്നതാണ് അവാർഡ്. തിരുവല്ല വിജയ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പരിപാടിയിൽ മന്ത്രി വി.എൻ.വാസവൻ അവാർഡ് സമ്മാനിക്കും. എം.ജി. സോമനൊപ്പം സിനിമയിൽ സഹകരിച്ച നടീനടന്മാരും സംവിധായകരും തിരക്കഥാ കൃത്തുക്കളുമടക്കം 25 ലേറെ പേർ പങ്കെടുക്കും .
പരിപാടികളുടെ വിളംബരമായി കരുനാഗപ്പള്ളി നാടകശാല അവതരിപ്പിക്കുന്ന ലഹരി വിരുദ്ധ തെരുവുനാടകം 17 , 18 തീയതികളിൽ തിരുവല്ലയിലെ കാമ്പസുകൾ , പൊതു ഇടങ്ങൾ എന്നിവിടങ്ങളിലായി നടക്കും . തിരുവല്ല ബിലീവേഴ്‌സ് മെഡിക്കൽ കോളേജ് അങ്കണത്തിൽ 17 ന് രാവിലെ 9 ന് ഫാ. സിജോ പന്തപ്ലാക്കൽ ഉദ്ഘാടനം ചെയ്യും . 19 ന് ഇരുവെള്ളി സെന്റ് തോമസ് ഹയർസെക്കൻഡറി സ്‌കൂൾ , ബാലികാമഠം ഹയർസെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലായി സ്‌കൂൾ വിദ്യാർത്ഥികൾക്ക് കലാമത്സരങ്ങൾ . ചലച്ചിത്ര സംവിധായകൻ ബാബു തിരുവല്ല ഉദ്ഘാടനം നിർവഹിക്കും . 25 , 26 തീയതികളിൽ യുവാക്കൾക്ക് നാടകക്കളരി തിരുവല്ല മാർത്തോമ്മാ കോളേജിൽ നടക്കും . 25 ന് രാവിലെ 9.30 ന് ചലച്ചിത്ര സംവിധായകൻ ശ്യാമപ്രസാദ് ഉദ്ഘാടനം ചെയ്യും . ഡിസംബർ 2 , 3 തീയതികളിൽ നടക്കുന്ന നാടകോത്സവം നടൻ രൺജി പണിക്കർ ഉദ്ഘാടനം ചെയ്യും .
എം.ജി സോമന്റെ ചരമ വാർഷികമായ ഡിസംബർ 12 ന് രാവിലെ 8 ന് തിരുമൂലപുരത്തുള്ള എം.ജി സോമന്റെ വസതിയിൽ സ്മൃതി ദിനാചരണത്തിന്റെ ഭാഗമായി പുഷ്പാർച്ചന നടക്കും . വാർത്താ സമ്മേളനത്തിൽ ചെയർമാൻ ബ്ലസി , ഭാരവാഹികളായ ജോർജ് മാത്യു , രാധാകൃഷ്ണൻ കുറ്റൂർ , എസ്.ഡി വേണുകുമാർ , സുരേഷ് കാവുംഭാഗം , സജിസോമൻ എന്നിവർ പങ്കെടുത്തു.