
മെഴുവേലി : ലഹരി മാഫിയാസംഘങ്ങൾ വിദ്യാർത്ഥികളേയും യുവതയേയും ലക്ഷ്യമിടുന്നതിന് പിന്നിൽ രാജ്യത്തെ ശിഥിലമാക്കുക എന്ന ലക്ഷ്യമാണുള്ളതെന്ന് മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ പറഞ്ഞു. മെഴുവേലി ശ്രീനാരായണ കോളേജിൽ കേരളകൗമുദിയും എക്സൈസ് വകുപ്പും എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി നടത്തിയ ലഹരി വിരുദ്ധ സെമിനാർ ബോധപൗർണ്ണമി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മുമ്പ് ലഹരി ഉപയോഗിക്കുന്നവരിൽ അധികവും പ്രായപൂർത്തി ആയവരും പുരുഷന്മാരും ആയിരുന്നു. ആസ്ഥാനത്ത് ഇന്ന് ലഹരി ഉപയോഗിക്കുന്നവരുടെ പട്ടികയിൽ വിദ്യാർത്ഥിനികളും യുവതികളും ഉണ്ടെന്നുള്ള കണ്ടെത്തൽ ഞെട്ടിക്കുന്നതാണ്. ആധുനിക രീതിയിലുള്ള ലഹരി വസ്തുക്കൾ സമൂഹത്തിൽ വ്യാപകമാണെന്നും ഇതിനെതിരെ ശക്തമായ കരുതൽ ആവശ്യമാണെന്നും പിങ്കി ശ്രീധർ പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. മാലൂർ മുരളീധരൻ അദ്ധ്യക്ഷനായിരുന്നു. കേരളകൗമുദി റിപ്പോർട്ടർ ടി.എസ്.സനൽകുമാർ ആമുഖപ്രഭാഷണം നടത്തി. പത്തനംതിട്ട എക്സൈസ് പ്രിവന്റീവ് ഓഫീസർ ടി.പ്രഭാകരൻ പിള്ള ബോധവത്കരണ ക്ലാസ് നയിച്ചു. കേരളകൗമുദി അസി.സർക്കുലേഷൻ മാനേജർ അനിൽ കുമാർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പ്രൊഫ.അഖിലാ മുരളീധരൻ, കോളേജ് യൂണിയൻ ചെയർമാൻ ബൻസൺ ജോൺ എന്നിവർ സംസാരിച്ചു.
കരുതലും ജാഗ്രതയും ആവശ്യം
നാട്ടിൽ കുട്ടികുറ്റവാളികളുടെ എണ്ണം പെരുകുകയാണെന്ന് പത്തനംതിട്ട എക്സൈസ് പ്രിവന്റീവ് ഓഫീസർ ടി.പ്രഭാകരൻപിളള പറഞ്ഞു. ലഹരിവിരുദ്ധ ബോധവത്കരണ സെമിനാറിൽ ക്ലാസെടുക്കുകയാരുന്നു അദ്ദേഹം. ഇന്നത്തെ അണുകുടുംബ വ്യവസ്ഥയിൽപ്പോലും കുടുംബാംഗങ്ങൾ തമ്മിലുള്ള പരസ്പര ബന്ധമില്ലായ്മയാണ് വിദ്യാർത്ഥികളും യുവാക്കളും ലഹരിസംഘങ്ങളുടെ പിടിയിൽ അകപ്പെടാൻ കാരണം. മുൻപ് ഉണ്ടായിരുന്നതിനെക്കാൾ മാരകമായ ലഹരി ഉല്പന്നങ്ങളാണ് ഇപ്പോഴുളളത്. ഒരിക്കൽ ഉപയോഗിച്ചു തുടങ്ങിയാൽ പിന്നീട് ഇതിൽ നിന്ന് മോചിതരാകാൻ സാധിക്കില്ല. പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് കുതിക്കുന്ന രാജ്യത്തെ ആയുധമെടുക്കാതെ തകർക്കാനുളള വൻ ഗൂഢാലോചനയാണ് ലഹരിമാഫിയായ്ക്ക് പിന്നിലുളളത്. രാജ്യപുരോഗതിക്ക് പ്രേരക ശക്തികളാകേണ്ട യുവതലമുറയെ നശിപ്പിക്കുന്നതിലൂടെ രാജ്യത്തെ തകർക്കാനാണ് പദ്ധതി ഇടുന്നത്. ഇത്തരം സംഘങ്ങളെ കരുതലോടെ നേരിടണം. മയക്കുമരുന്ന് കൈവശംവച്ചാൽ അനുഭവിക്കേണ്ടി വരുന്ന ശിക്ഷാ നടപടികളെപ്പറ്റിയുളള അറിവില്ലായ്മയും ഇതുമൂലമുണ്ടാകുന്ന ദുരന്തഫലങ്ങളെപ്പറ്റിയുളള അജ്ഞതയുമാണ് ഇത്തരം വസ്തുക്കൾ ഉപയോഗിക്കാൻ മറ്റൊരു കാരണം. മയക്കുമരുന്ന് മാഫിയാസംഘങ്ങളെ കൂട്ടായ പരിശ്രമത്തിലൂടെ ഇല്ലാതാക്കാൻ കഴിയുമെന്നും അതിന് വിദ്യാർത്ഥികളുടെയും യുവാക്കളുടെയും കരുതലും ജാഗ്രതയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.