ചെങ്ങന്നൂർ: വ്യാജ റിപ്പോർട്ടിന് പിന്നാലെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ചെങ്ങന്നൂർ സ്റ്റേഷൻ ഹൗസ് ഓഫീസർക്കെതിരെ യുവാവ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതിനൽകി. ചെങ്ങന്നൂർ പിരളശ്ശേരിക്കു സമീപം ബിൽഡിംഗ് പെർമിറ്റോ നിയമപരമായ അനുമതിയോ ഇല്ലാതെ മാനസിക രോഗികളെ പാർപ്പിച്ചിരുന്ന സ്ഥാപനത്തിനെതിരെ പിരളശേരി ചരിവുപറമ്പിൽ സി.ജെ ജോബിന്റെ പരാതിയിൽ ഹൈക്കോടതിയുടെ ഉത്തരവു പ്രകാരം സ്ഥാപനം അടച്ചു പൂട്ടിയതാണ് ചെങ്ങന്നൂർ സി.ഐയെ ചൊടിപ്പിച്ചതത്രേ.മാനസികരോഗികളെ പാർപ്പിച്ചിരുന്ന സ്ഥാപനം ജോബൻ ഇടപെട്ട് അടച്ചു പൂട്ടിയെന്നും ഇനിമുതൽ ജോബിന്റെ വീട്ടിലേക്ക് രോഗികളെ എത്തിക്കുമെന്നുമുളള എ.എച്ച്. ഒയുടെ ഫോൺ സംഭാഷണം സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

ജോബിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ 2018ൽ കേന്ദ്രം സന്ദർശിച്ച മനുഷ്യാവകാശ കമ്മിഷൻ ആക്ടിംഗ് ചെയർമാൻ പി. മോഹനദാസ് സ്ഥാപനത്തിനെതിരെ ഗുരുതര പരാമർശങ്ങൾ നടത്തുകയും സ്ഥാപനം ഉടൻ അടച്ചു പൂട്ടുകയോ സർക്കാർ ഏറ്റെടുക്കുകയോ ചെയ്യണമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു. സ്ഥാപന ഉടമകൾ കേരള ഹൈക്കോടതിയെ സമീപിച്ച് ഉത്തരവ് സ്റ്റേ ചെയ്തു. തുടർന്ന് യുവാവ് കേരളാ സ്റ്റേറ്റ് ലീഗൽ സെൽ അതോററ്റിക്ക് (കെൽസ) നൽകിയ പരാതിയിൽ ആലപ്പുഴ ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എം.ടി ജലജാ റാണി സ്ഥാപനം പരിശോധിക്കുകയും ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തുകയും ഇക്കാര്യം കെൽസായ്ക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഇതേ തുടർന്ന് കെൽസാ ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തു. കേസ് പരിഗണിച്ച . ചീഫ് ജസ്റ്റിസ്‌ എസ്. മണികുമാറിന്റെ ബെഞ്ച് പരിശോധനകൾക്കുശേഷം സ്ഥാപനം അടച്ചു പൂട്ടുകയായിരുന്നു. എന്നാൽ സ്ഥാപനം പൂട്ടിയതോടെ എസ്.എച്ച്.ഒ ജോബിനെ ഫോണിൽ വിളിച്ച് നിരന്തരം ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയുമാണെന്നാണ് പരാതി. മുൻപ് ചെങ്ങന്നൂർ സ്വദേശിയായ യുവതി സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ അന്വേഷണം നടത്താതെ വ്യാജമൊഴിയും കളളഒപ്പുമിട്ട് റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഇത് വിവരാവകാശ രേഖയിലൂടെ മനസ്സിലാക്കിയ യുവതി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പരാതി.