ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ ഒരു ഹൈസ്‌കൂളിൽ നിന്ന് ശിശുദിനാഘോഷങ്ങൾക്കിടെ കടന്നു കളഞ്ഞ മൂന്നു വിദ്യാർത്ഥിനികളെ രണ്ടര മണിക്കൂറിനകം കണ്ടെത്തി. തിങ്കളാഴ്ച രാവിലെ 10നാണ് മൂന്ന് വിദ്യാർത്ഥിനികളെ കാണാതായത്. രാവിലെ 9.30ന് സ്‌കൂളിലെത്തിയ ഇവർ പിന്നീട് അവിടെ നിന്ന് മുങ്ങുകയായിരുന്നു. സ്‌കൂളിന് സമീപത്തെ റോഡരികിൽ യുവാവായ സുഹൃത്തിനൊപ്പം സംശയാസ്പദമായ സാഹചര്യത്തിൽ കുട്ടികളെ കണ്ട ആളുകൾ സ്‌കൂൾ അധികൃതരെ വിവരം അറിയിച്ചു. അദ്ധ്യാപകർ എത്തിയപ്പോഴേക്കും ഇവർ സ്ഥലം വിട്ടിരുന്നു.
ചെങ്ങന്നൂർ ഡിവൈ.എസ്.പി.ക്കു നൽകിയ പരാതിയെ തുടർന്ന് കുട്ടികളുടെ സഹപാഠികളെ ചോദ്യം ചെയ്തതിൽ നിന്നും ബുധനൂരിലുള്ള സുഹൃത്തുക്കളെ കാണാൻ പോയതാകുമെന്ന സൂചന ലഭിച്ചു. ചെങ്ങന്നൂർ ഡിവൈ.എസ്.പി. ഡോ. ആർ ജോസിന്റെ നേതൃത്വത്തിൽ അദ്ധ്യാപകരും രക്ഷാകർത്താക്കളും അടങ്ങുന്ന സംഘം നടത്തിയ അന്വേഷണത്തിൽ ബുധനൂരിൽ നിന്ന് പെൺകുട്ടികളെ കണ്ടെത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.