പമ്പ: മണ്ഡല, മകരവിളക്ക് ഉത്സവത്തിനായി ഇത്തവണ നാൽപ്പത് ലക്ഷത്തോളം തീർത്ഥാടകരെയാണ് ശബരിമലയിൽ പ്രതീക്ഷിക്കുന്നതെന്ന് റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു. പമ്പയിൽ ശബരിമല സാനിറ്റേഷൻ സൊസൈറ്റിയുടെ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും വിവിധ വകുപ്പുകളും ചേർന്ന് വിപുലമായ ഒരുക്കങ്ങളാണ് ശബരിമല തീർത്ഥാടനത്തിനായി ഇത്തവണ നടത്തിയിട്ടുള്ളത്. ശബരിമല മാസ്റ്റർപ്ലാനിനായി 135.53 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. ഇത്തവണ മാത്രം 30 കോടി രൂപയും അനുവദിച്ചു. അഗ്നിശമന സേനയുടെ ക്രമീകരണങ്ങൾ, മാലിന്യ സംസ്‌കരണ പ്ലാന്റ്, 5000 പേർക്ക് ഒരേ സമയം ആഹാരം കഴിക്കുന്നതിനുള്ള സൗകര്യം എന്നിങ്ങനെ എല്ലാവിധ ക്രമീകരണങ്ങളും പൂർത്തിയായി. വെർച്വൽ ക്യു ബുക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കൊവിഡിന് ശേഷമുള്ള

തീർത്ഥാടനമായതുകൊണ്ട് ഭക്തരുടെ ഒഴുക്ക് ക്രമാതീതമായിരിക്കും. അതിനനുസരിച്ചുള്ള ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ശബരിമല തീർത്ഥാടനം സുഗമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ എമർജൻസി ഓപ്പറേഷൻ സെന്ററുകൾ സ്ഥാപിച്ചു.