പത്തനംതിട്ട: ഇനി വ്രതശുദ്ധിയുടെയും ശരണമന്ത്രങ്ങളുടെയും നാളുകൾ. മണ്ഡലകാല ഉത്സവത്തിനായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട നാളെ വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി നട തുറന്ന് ദീപങ്ങൾ തെളിച്ച് യോഗനിദ്രയിൽ നിന്ന് ഭഗവാനെ ഉണർത്തും. ഉപദേവതാ ക്ഷേത്ര നടകൾ തുറന്ന് വിളക്ക് തെളിക്കും. പിന്നീട് താഴെ തിരുമുറ്റത്ത് ആഴിയിൽ അഗ്‌നി പകരും.
നിയുക്ത ശബരിമല മേൽശാന്തി ജയരാമൻ നമ്പൂതിരിയുടെയും മാളികപ്പുറം മേൽശാന്തി ഹരിഹരൻ നമ്പൂതിരിയുടെയും അഭിഷേക, അവരോധിക്കൽ ചടങ്ങുകൾ നാളെ വൈകിട്ട് നടക്കും. ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടി കയറിവരുന്ന ഇരുവരെയും നിലവിലെ മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി പതിനെട്ടാം പടിക്ക് മുകളിൽ വച്ച് കൈപിടിച്ച് കയറ്റി ശ്രീകോവിലിനു മുന്നിലേക്ക് ആനയിക്കും. തുടർന്ന് തന്ത്രി കണ്ഠര് രാജീവര്, ശബരിമല മേൽശാന്തിയെ അയ്യപ്പന് മുന്നിൽ കലശാഭിഷേകം നടത്തി അവരോധിച്ച് കാതിൽ മൂലമന്ത്രം ഓതിക്കൊടുക്കും. മാളികപ്പുറം ക്ഷേത്ര ശ്രീകോവിലിനു മുന്നിൽ മേൽശാന്തി ഹരിഹരൻ നമ്പൂതിരിയെയും കലശാഭിഷേകം നടത്തി അവരോധിക്കും.
പുറപ്പെടാ ശാന്തിമാരായ ഇവരായിരിക്കും 17ന് പുലർച്ചെ ഇരുക്ഷേത്ര നടകളും തുറക്കുക. ഒരു വർഷത്തെ പൂജകൾ പൂർത്തിയാക്കിയ പരമേശ്വരൻ നമ്പൂതിരി നാളെ രാത്രി പതിനെട്ടാം പടിയിറിങ്ങി അയ്യപ്പനോട് യാത്ര ചൊല്ലി മടങ്ങും.
ഡിസംബർ 27 വരെയാണ് മണ്ഡല ഉത്സവ കാലം. ജനുവരി 14നാണ് മകരവിളക്ക്. മണ്ഡലതീർത്ഥാടനം ജനുവരി 20ന് സമാപിക്കും.