പത്തനംതിട്ട: ക്ഷീര കർഷകരോട് സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് സമഗ്ര ക്ഷീര കർഷക സംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാന ക്ഷീര വികസന വകുപ്പും , മിൽമയും ക്ഷീര കർഷകരോട് കാണിക്കുന്ന കടുത്ത അവഗണന കാരണം പലരും ഈ മേഖല വിട്ടുപോകുകയാണ്. ക്ഷീര കർഷകർക്ക് ഇരുട്ടടിയായി കാലിത്തീറ്റ വിലയും വർദ്ധിപ്പിച്ചു. മിൽമ , കേരള ഫീഡ്‌സ് എന്നിവ 50 കിലോയുടെ ചാക്കൊന്നിന് 200 രൂപ വരെയാണു കാലിത്തീറ്റയുടെ വില വർദ്ധിപ്പിച്ചത് . സ്ഥാപനങ്ങൾ കിലോയ്ക്ക് മൂന്നു രൂപ മുതൽ നാലു രൂപ വരെയാണു വില വർദ്ധിപ്പിച്ചത് . അടുത്ത ഏപ്രിൽ വരെ കാലിത്തീറ്റയുടെ വില വർദ്ധിപ്പിക്കില്ലെന്ന ഉറപ്പു ലംഘിച്ചാണു നടപടി . ക്ഷീര കർഷകർക്ക് പാൽ ലീറ്റർ ഒന്നിന് അഞ്ചു രൂപ വീതം ഇൻസെന്റീവ് നൽകുമെന്ന പ്രഖ്യാപനവും നടപ്പായില്ല . ലിഡാ ജേക്കബ് കമ്മിഷന്റെ ശുപാർശകൾ നടപ്പാക്കുക, ക്ഷീര കർഷകരെയും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സമര പരിപാടികൾ ആംരംഭിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് പ്രസാദ് ആനന്ദ ഭവൻ , ജനറൽ സെക്രട്ടറി സുജി ബേബി , ജില്ലാ പ്രസിഡന്റ് പ്രകാശ് പന്തളം , ട്രഷറർ അലക്‌സ് ശാമുവേൽ, സന്തോഷ് എന്നിവർ പങ്കെടുത്തു.