പത്തനംതിട്ട : പത്തനംതിട്ട നഗരത്തിലേക്ക് എത്തുന്ന പ്രധാന റോഡുകളിൽ യാത്ര ദുരിതം. കുഴിനിറഞ്ഞ് ചെളിക്കുളമായി കിടക്കുകയാണ് റോഡുകൾ. നാളെ മണ്ഡലകാലം ആരംഭിക്കാനിരിക്കെ ഇതിന് പരിഹാരം കണ്ടെത്താൻ അധികൃതർ തയ്യാറായിട്ടില്ല.

അബാൻ റോഡിൽ മേൽപാലം പൈലിംഗ് കാരണം ഗതാഗതം തടസം നേരിടുന്നുണ്ട്. അടൂർ , അഴൂർ, കുമ്പഴ ഭാഗങ്ങളിൽ നിന്ന് വരുന്ന ഭക്തർക്ക് ഇടത്താവളത്തിലേക്കും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്കും എത്താൻ റിംഗ് റോഡ് ചുറ്റി അധിക ദൂരം യാത്ര ചെയ്യേണ്ടിവരും. അടൂർ, അഴൂർ ഭാഗങ്ങളിൽ നിന്നെത്തുന്നവർക്ക് സ്റ്റേഡിയം ജംഗ്ഷൻ വഴി റിംഗ്റോഡ് ചുറ്റി വേണം ഇടത്താവളത്തിലും കെ.എസ്.ആർ.ടിസിയിലും എത്താൻ. കുമ്പഴയിൽ നിന്ന് വരുന്നവർക്ക് മൈലപ്ര വഴി വേണം എത്താൻ.

അബാൻ -കുമ്പഴ റോഡ്

അബാൻ ജംഗ്ഷനിൽ വലിയ വെള്ളക്കെട്ടാണുള്ളത്. മഴ കൂടാതെ കുമ്പഴ- പത്തനംതിട്ട റോഡിലെ പൈപ്പ് പൊട്ടി വെള്ളക്കെട്ട് രൂക്ഷമാവുകയാണ്. ഈ ഭാഗത്തെ ടാർ ഇളകി ചെളിക്കുളമായി മാറിയിരിക്കുകയാണ് റോഡ്. വാഹനങ്ങൾ പോകുമ്പോൾ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളവും ചെളിയും തെറിക്കുന്നുണ്ട്.

കടമ്മനിട്ട റോഡ്

കെ.എസ്.ടി.പി പുനർ നിർമ്മാണത്തിനായി കുഴിച്ചിട്ടിരിക്കുകയാണ് പത്തനംതിട്ട - കടമ്മനിട്ട റോഡ്. കടമ്മനിട്ടയ്ക്കുള്ള വാഹനങ്ങൾ നഗരം ചുറ്റിയാണ് പോകുന്നത്. ഇവിടെ ഗതാഗതം തിരിച്ചുവിട്ടിരിക്കുന്നതെവിടെയെന്നോ നിയന്ത്രണമേർപ്പെടുത്തിട്ടുണ്ടോയെന്നും അധികൃതർ അറിയിച്ചിട്ടില്ല.

ബസ് സ്റ്റാൻഡ്

പത്തനംതിട്ട പഴയ-പുതിയ നഗരസഭാ ബസ് സ്റ്റാൻഡുകളിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടും നഗരസഭാ അധികൃതർ കണ്ടമട്ടില്ല. പഴയ ബസ് സ്റ്റാൻഡിന്റെ ഭാഗത്ത് പാർക്കിംഗ് ഗ്രൗണ്ട് ക്രമീകരിച്ചിരിക്കുന്നതിനാൽ നിരവധി വാഹനങ്ങൾ ദിവസവും എത്തുന്ന സ്ഥലം കൂടിയാണിത്. റോഡിന് നടുക്കുതന്നെ കുഴികളാണിവിടെ. കുഴിയിൽ മക്കിട്ട് നികത്താനുള്ള ശ്രമവും പരാജയപ്പെട്ടിരിക്കുകയാണ്. പുതിയ ബസ് സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി പ്രവർത്തിച്ചിരുന്നയിടമെങ്കിലും മണ്ഡലകാലത്ത് മക്കിട്ട് കുഴിയടച്ച് വൃത്തിയാക്കാറുണ്ടായിരുന്നു. കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് മാറ്റിയതോടെ സ്റ്റാൻഡിൽ കുഴി അതു പോലെ കിടക്കുകയാണ്. സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന റോഡുകളിൽ മേൽപ്പാലം പൈലിംഗ് ജോലികൾ നടക്കുകയാണ്.

സെന്റ് പീറ്റേഴ്സ് ജംഗ്ഷൻ

തിരുവല്ല, ചെങ്ങന്നൂർ, അടൂർ, വെട്ടിപ്രം ഭാഗത്ത് നിന്നുള്ളവർ പത്തനംതിട്ട നഗരത്തിലേക്ക് പ്രവേശിക്കുന്ന സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ സിഗ്നൽ ഇല്ലാതെയായിട്ട് മാസങ്ങൾ കഴിഞ്ഞു. മണ്ഡലകാലം തുടങ്ങാനിരിക്കെ സിഗ്നൽ ലൈറ്റ് തെളി ച്ചിട്ടില്ല . നിലവിലുള്ള ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകൾക്ക് പുറമേ നാളെ മുതൽ ശബരിമല തീർത്ഥാടകരുടെ വാഹനങ്ങളും ഇതുവഴി വരും.