art-of-living
പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി പുങ്കാവനത്തിൽ ശുചീകരണത്തിനെത്തിയ ആർട്ട് ഓഫ് ലിവിംഗ് പ്രവർത്തകർ

പമ്പ: മണ്ഡലകാലരംഭത്തിനു മുന്നോടിയായി പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി ശബരിമല പൂങ്കാവനം ആർട്ട് ഒഫ് ലിവിംഗ് പ്രവർത്തകർ ശുചീകരിച്ചു. ആർട്ട് ഒഫ് ലിവിംഗ് കേരള അപക്‌സ് ബോഡിയുടെ നേതൃത്വത്തിൽ 14 ജില്ലകളിൽ നിന്നുമുള്ള 500ൽ അധികം പ്രവർത്തകർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.നിലക്കൽ,പമ്പ,സന്നിധാനം എന്നിവിടങ്ങളിൽ വിവിധ ബാച്ചുകളായി തിരിഞ്ഞാണ് ശുചീകരണം നടത്തിയത്. അയ്യപ്പ ഭക്തന്മാർ തങ്ങുന്ന ഇടങ്ങളിലും മണപ്പുറത്തും, ശരണപാതയിലും സന്നിധാനം, മാളികപ്പുറം എന്നിവിടങ്ങളിലും ശുചീകരണം നടത്തി. പ്രധാനമായും ഇവിടങ്ങളിൽ അടിഞ്ഞു കൂടി പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനാണ് ശ്രദ്ധകേന്ദ്രീകരിച്ചത്. ഐ.ജിപി.വിജയൻ ഐ.പി.എസിന്റെ അഭ്യർത്ഥനപ്രകാരമാണ് ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെട്ടതെന്ന് പ്രവർത്തകർ പറഞ്ഞു.ശുചീകരണത്തിൽ പങ്കാളികളായവർക്ക് ഭക്ഷണവും വെള്ളവും പൊലീസ് ഡിപാർട്ട്‌മെന്റ് നൽകി. രാവിലെ 9ന് ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങൾ വൈകിട്ടാണ് അവസാനിച്ചത്.