റാന്നി: ചിറ്റാർ ആങ്ങമൂഴിയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്. ഇന്നലെ വൈകിട്ട് നാലരയോടെ ആങ്ങമൂഴി 86 മുസ്ലിം പള്ളിക്ക് സമീപമായിരുന്നു അപകടം. ആങ്ങമൂഴിയിൽ നിന്ന് പത്തനാപുരത്തേക്ക് പോവുകയായിരുന്ന സുൽത്താൻ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ മുൻഭാഗം പൂർണമായും നശിച്ചു. കനത്ത മഴയിൽ ബസ് റോഡിൽ നിന്ന് തെന്നിമാറി നിയന്ത്രണം വിട്ടുമറിയുകയായിരുന്നു . യാത്രക്കാർ കുറവായിരുന്നു. കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് കാരണം വിദ്യാർത്ഥികളും ബസിൽ ഉണ്ടായിരുന്നില്ല. സ്കൂൾ വിടുന്ന സമയമായതിനാൽ നിരവധി വിദ്യാർത്ഥികൾ ആശ്രയിക്കുന്ന ബസാണിത്. പരിക്കേറ്റവരെ നാട്ടുകാരുടെയും പൊലീസ്, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് ഏറെനേരം ഗതാഗതം തടസപ്പെട്ടു. ഉന്നത നിലവാരത്തിൽ പണികഴിപ്പിച്ച റോഡാണിത്. വളവുകൾ നിറഞ്ഞ പ്രദേശത്ത് ബസുകൾ അമിതവേഗത്തിലാണ് പോകുന്നതെന്ന് നാട്ടുകാർ പറഞ്ഞു.