 
പത്തനംതിട്ട: ജല അതോറിട്ടിക്കെതിരെ രൂക്ഷവിമർശനവുമായി നഗരസഭ കൗൺസിൽ. നിരവധി മാസങ്ങളായി ജില്ലാ ആസ്ഥാനത്ത് ജലവിതരണം താറുമാറായെന്ന് കൗൺസിൽ അംഗങ്ങൾ ഐക്യകണ്‌ഠേന അഭിപ്രായപ്പെട്ടു. കുടിവെള്ള വിതരണ പൈപ്പുകൾ പുന:സ്ഥാപിക്കുന്നതിനായി ജലഅതോറിട്ടി നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് കൗൺസിൽ കുറ്റപ്പെടുത്തി. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പൈപ്പുകൾ പൊട്ടി വെള്ളം നഷ്ടപ്പെടുകയാണ്. പല പ്രദേശങ്ങളിലും ആഴ്ചകളായി വെള്ളം എത്തുന്നില്ല. ജില്ലാ വികസന യോഗത്തിൽ നഗരസഭാ ചെയർമാൻ ഈ വിഷയം അവതരിപ്പിച്ചിരുന്നു. തീർത്ഥാടനകാലം ആരംഭിക്കുന്നതിന് മുമ്പ് പരിഹാരമുണ്ടാകുമെന്ന ജല അതോറിട്ടിയുടെ ഉറപ്പ് ജലരേഖയായെന്ന് കൗൺസിൽ അംഗങ്ങൾ ആക്ഷേപം ഉന്നയിച്ചു. ജലഅതോറിട്ടി ഉദ്യോഗസ്ഥരുടെ യോഗം ഉടൻ വിളിച്ചുചേർക്കുമെന്ന് നഗരസഭാ ചെയർമാൻ യോഗത്തെ അറിയിച്ചു. നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ തുടർച്ചയായി ഉണ്ടാവുന്ന അനധികൃത കൈയേറ്റങ്ങൾ ഉടൻ ഒഴിപ്പിക്കണമെന്ന് കൗൺസിൽ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടു.