തിരുവല്ല: സ്വകാര്യ ബസ് റോഡരികിലെ കൈവരിയിൽ ഇടിച്ചുകയറി യാത്രക്കാരിയായ യുവതിക്ക് പരിക്കേറ്റു. വെണ്ണിക്കുളം നാരകത്താനി കല്ലോലിക്കൽ വീട്ടിൽ നിഷാകുമാരി കെ.എൻ (38) ആണ് പരിക്കേറ്റത്. പൊടിയാടി - തിരുവല്ല റോഡിൽ പാലിയേക്കര പള്ളിയുടെ കാണിക്കവഞ്ചിക്ക് മുന്നിൽ തിങ്കളാഴ്ച്ച വൈകിട്ട് നാലിനാണ് സംഭവം. തിരുവല്ല ഭാഗത്തേക്ക് വരികയായിരുന്ന അശ്വതി ബസാണ് അടുത്തകാലത്ത് നിർമ്മിച്ച കൈവരി ഇടിച്ചു തെറിപ്പിച്ചത്. ബസിന്റെ മുൻഭാഗത്ത് ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന നിഷാകുമാരിയുടെ കാലിൽ കമ്പിയിടിച്ചു കയറി സാരമായ പൊട്ടലുണ്ട്. നാട്ടുകാർ ചേർന്ന് തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവല്ല പൊലീസിൽ പരാതി നൽകി. നിർമ്മാണം പുരോഗമിക്കുന്ന തിരുവല്ല - പൊടിയാടി റോഡിൽ വീതികുറവുള്ള ഭാഗങ്ങളിൽ കൈവരികളിൽ ഇടിച്ചുള്ള അപകടങ്ങൾ നിരവധിയായി.