കൊടുമൺ: സംസ്ഥാന വൊക്കേഷണൽ എക്സ്പോയിൽ അങ്ങാടിക്കൽ എസ്.എൻ.വി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ടീം എ ഗ്രേഡ് നേടി.
രാത്രികാലങ്ങളിൽ വാഹനം ഓടിക്കുന്ന ഡ്രൈവർമാർ ഉറങ്ങിപ്പോകുന്നത് മൂലമുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടി രൂപകൽപ്പന ചെയ്ത ആന്റി സ്ലീപ് അലാറമാണ് അഭിനവ്, ആൽബിൻ പി.ജയിംസ് എന്നിവർ അവതരിപ്പിച്ചത്.
ഇതോടൊപ്പം ഓട്ടോമാറ്റിക് വേസ്റ്റ് ബിൻ എന്ന ആശയവും അവതരിപ്പിച്ചു. ആശുപത്രികളിലും ഓഫീസുകളിലും മറ്റും ഉപയോഗിക്കാൻ അനുയോജ്യമാണിത്. മാലിന്യം നിക്ഷേപിക്കുന്നതിന് വേണ്ടി ഇതിന് മുൻപിൽ എത്തുമ്പോൾ മൂടി തനിയെ തുറക്കുകയും നിക്ഷേപിച്ചു കഴിയുമ്പോൾ തനിയെ അടയുകയും ചെയ്യുന്നു. സെൻസർ സംവിധാനമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. അദ്ധ്യാപകരായ എസ്.ജയപ്രകാശ്, ശ്യാം ജെ, ഷൈലജകുമാരി എന്നിവർ വിദ്യാർത്ഥികൾക്ക് സഹായങ്ങൾ നൽകി.