പത്തനംതിട്ട: പരമ്പരാഗത കാനനപാത വഴി ശബരിമല സന്നിധാനത്തേക്ക് യാത്ര തിരിച്ച ഭക്തരെ വനംവകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞു. എരുമേലിയിൽ നിന്ന് കാൽനടയായി യാത്രതിരിച്ച നൂറിലധികം തീർത്ഥാടകരെയാണ് വനത്തിനുള്ളിൽ പ്രവേശിക്കാൻ അനുവദിക്കാതിരുന്നത്. കാനനപാത തുടങ്ങുന്ന ഇരുമ്പൂന്നിക്കരക്ക് സമീപം അരീക്കക്കാവ് ചെക്ക് പോസ്റ്റിലാണ് തീർത്ഥാടകരെ തടഞ്ഞത്. ഇതോടെ തീർത്ഥാടകർ ഫോറസ്റ്റ് ഓഫീസിന് മുമ്പിൽ കുത്തിയിരുന്ന് നാമജപം നടത്തി. വൃശ്ചികം ഒന്നിനു മാത്രമെ പരമ്പരാഗത പാത ഭക്തർക്കായി തുറന്നു നൽകു വെന്ന നിലപാടിൽ വനംവകുപ്പ് ഉറച്ചുനിന്നതോടെ തീർത്ഥാടകർ പ്രതിഷേധം അവസാനിപ്പിച്ച് പിൻമാറി. കാനനപാത തുറക്കുന്നതു സംബന്ധിച്ച് മുൻകൂട്ടി അറിയിപ്പ് നൽകാതിരുന്നതാണ് പ്രശ്നത്തിന് കാരണമായത്.