റാന്നി: വൈദ്യുതി വിളക്കില്ലാത്തതിനാൽ ബുദ്ദിമുട്ട് അനുഭവിച്ചിരുന്ന വലിയകുളം ശ്രീമഹാദേവ ക്ഷേത്രംപടിയിൽ വഴിവിളക്കുകൾ സ്ഥാപിച്ചു വടശേരിക്കര ഗ്രാമ പഞ്ചായത്ത്. ക്ഷേത്രത്തിനോട് അനുബന്ധമായി സമീപ പ്രദേശം ഇരുട്ടിലായിരുന്ന വാർത്ത കേരള കൗമുദി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപെട്ട പഞ്ചായത്ത് അധികൃതർ ഉടനടി നടപടി സ്വീകരിക്കുകയായിരുന്നു. സന്ധ്യ കഴിഞ്ഞാൽ ഇരുട്ടിലായിരുന്ന പ്രദേശത്ത് വെളിച്ചം എത്തിയതിൽ നാട്ടുകാരും സന്തോഷത്തിലാണ്. നിലവിൽ വൈദ്യുതി തൂണുകളിൽ ലൈറ്റുകൾ സ്ഥാപിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. എന്നാൽ ഇവിടെ ഹൈമാസ്റ്റ് ലൈറ്റോ സോളാർ ലൈറ്റുകളോ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് നിറവേറിയില്ല.
തെരുവ് നായശല്യം രൂക്ഷം
ക്ഷേത്രത്തിനു പുറമെ, സ്കൂളും സഹകരണ ബാങ്കും ചെറുകിട വ്യാപാര സ്ഥാപനങ്ങളും ഇവിടെയുണ്ട്. രാത്രികാലങ്ങളിൽ പേടിയോടെയാണ് ആളുകൾ ഇതുവഴി നടന്നു പോയിരുന്നത്. വെളിച്ചക്കുറവിനു പുറമെ തെരുവുനായ ശല്യവും ആളുകളെ ബുദ്ധിമുട്ടിച്ചിരുന്നു. ഇരുട്ടിൽ നടന്നു വരുന്നവർക്ക് നേരെ തെരുവുനായ കുരച്ചു ചാടിയ സംഭങ്ങളും അടുത്തിടെ ഉണ്ടായിരുന്നു.