മല്ലപ്പള്ളി : മദ്ധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ വ്യാപാര -വാണിജ്യമേളയായ തെള്ളിയൂർക്കാവ്‌ ഭഗവതി ക്ഷേത്രത്തിലെ വൃശ്ചിക വാണിഭം ഇന്നു മുതൽ ആരംഭിക്കും. രണ്ടാഴ്ച്ചകാലമാണ് വ്യാപാരമേള.വാണിഭത്തിന് തുടക്കം കുറിച്ച് പാരമ്പര്യ സമുദായഭക്തർ ചരൽക്കുന്ന് മൈലാടുംപാറ മഹാദേവർ ക്ഷേത്രത്തിൽ നിന്ന് നവധാന്യം രാവിലെ 8ന് തെള്ളിയൂർക്കാവ്‌ ഭഗവതി ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിക്കും. ധാന്യം എഴുന്നെള്ളത്തിന് തെള്ളിയൂർ കാണിക്കമണ്ഡപത്തിൽ നിന്ന് ആചാരപൂർവം വരവേല്പും ഉണ്ടാകും. ക്ഷേത്ര ഗജമണ്ഡപത്തിലെ വെള്ളിപ്പരമ്പിലാണ് പാരമ്പര്യ അവകാശികളുടെ ധാന്യ സമർപ്പണം. തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ പി.എം തങ്കപ്പൻ ധാന്യം സമർപ്പിച്ച് വൃശ്ചിക വാണിഭം ഉദ്ഘാടനം ചെയ്യും. ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ടകാലത്ത് അവർണ്ണ സമുദായത്തിൽപെട്ട ഭക്തർ തങ്ങളുടെ അധ്വാന മുതലുകൾ ക്ഷേത്രത്തിനു മുന്നിലെ ആൽത്തറയിൽ കാണിക്കയായി സമർപ്പിച്ചു. ഇത് വാങ്ങാൻ ദൂരെനിന്നും ആളുകൾ എത്തിയതോടെ ഉപ്പു തൊട്ട് കർപ്പൂരം വരെ ലഭിക്കുന്ന മേളയായി ഇതുമാറി. തെള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിന്റെ ഭാഗമായ പാട്ടമ്പലത്തിൽ 41ദിവസത്തെ കളമെഴുതിപ്പാട്ടിനും അന്ന് തുടക്കമാകും. കളമെഴുത്തിന് സമാപനമായിട്ടാണ് ഒരാഴ്ചത്തെ തെള്ളിയൂർ പടയണിയും നടത്തുമെന്ന് ക്ഷേത്രഉപദേശക സമിതി സെക്രട്ടറി വി വാമദേവൻ നായർ അറിയിച്ചു.