 
പ്രമാടം : പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയെ തുടർന്ന് അപകടക്കെണിയായി മാറിയ പ്രമാടം എസ്.എൻ.ഡി.പി ജംഗ്ഷനും സ്കൂൾ ജംഗ്ഷനും ഇടയിലുള്ള ഭാഗത്തെ റോഡിൽ അപകട രഹിതമാക്കാൻ നടപടി തുടങ്ങി. പൂങ്കാവ് - പത്തനംതിട്ട റോഡിന്റെ പുനർനിർമ്മാണം കഴിഞ്ഞ് മാസങ്ങളായെങ്കിലും ഉയർത്തിയ റോഡിന്റെ ഇരുവശങ്ങളിലെയും വലിയ കട്ടിംഗുകൾ നികത്താഞ്ഞതാണ് അപകടങ്ങൾ തുടക്കഥയാകാൻ കാരണമായിരുന്നത്. ഇത് സംബന്ധിച്ച് കേരളകൗമുദി കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നിർദ്ദേശ പ്രകാരമാണ് കട്ടിംഗുകൾ നികത്താൻ നടപടിയായത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കട്ടിംഗ് ഭാഗങ്ങളിലെ മണ്ണ് കഴിഞ്ഞ ദിവസം നീക്കം ചെയ്തു.അടുത്ത ദിവസങ്ങളിൽ രണ്ട് ലെയറായി ഇവിടം കോൺക്രീറ്റ് ചെയ്യും.ഇതോടെ കട്ടിംഗിൽ ചാടിയുള്ള അപകടങ്ങൾക്ക് പരിഹാരമാകും.
വാഹനങ്ങൾ അമിത വേഗത്തിൽ
ആധുനിക രീതിയിലുള്ള ടാറിംഗ് കഴിഞ്ഞതോടെ അമിത വേഗതയിലാണ് വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നത്. വളവും കയറ്റവും ഇറക്കവുമുള്ള പ്രദേശമായതിനാൽ വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ കട്ടിംഗുകളിൽ ചാടി അപകടങ്ങൾ സംഭവിക്കുന്നത് പതിവായിരുന്നു. ഇത് സംബന്ധിച്ച് നാട്ടുകാർ നിരവധി പരാതികൾ നൽകിയിട്ടുണ്ടെങ്കിലും നടപടി ഉണ്ടായിരുന്നില്ല. ശ്രീനാരായണ ഗുരുമന്ദിരം, സൂപ്പർ മാർട്ട്, നിരവധി വ്യാപാര സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, കൃഷിഭവൻ, മൃഗാശുപത്രി തുടങ്ങി നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന പ്രദേശമാണിത്. നൂറുകണക്കിന് സ്‌കൂൾ വിദ്യാർത്ഥികളാണ് ദിവസേന ഇതുവഴി കാൽനടയായും സൈക്കിളിലുമായി കടുന്നപോകുന്നത്. വാഹനങ്ങൾക്ക് വഴി മാറുമ്പോൾ വലിയ കട്ടിംഗുകളിൽ വീണ് കുട്ടികൾക്ക് പരിക്കേൽക്കുന്ന സംഭവവും തുടർക്കഥയായിരുന്നു. റോഡ് ഉയർത്തിയ ഭാഗങ്ങൾ അപകട രഹിതമാക്കുന്നതിന്റെ ഭാഗമായി കട്ടിംഗുകളുടെ ഭാഗത്ത് ഇന്റർലോക്ക് കട്ട പാകലും കോൺക്രീറ്റിംഗും പറഞ്ഞിരുന്നു. എന്നാൽ അധികൃതരുടെ അനാസ്ഥയെ തുടർന്ന് ഇത് നീണ്ടുപോവുകയായിരുന്നു.