closed
കുറ്റൂർ -മനയ്ക്കച്ചിറ റോഡ് അടച്ചു റെയിൽവേ അടിപ്പാതയിൽ പണി തുടങ്ങിയപ്പോൾ

തിരുവല്ല: മുന്നറിയിപ്പ് നൽകാതെ കുറ്റൂർ-മനക്കച്ചിറ റോഡ് അടച്ചു റെയിൽവേ അധികൃതർ പണി തുടങ്ങിയതോടെ യാത്രക്കാർ പെരുവഴിയിലായി. കുറ്റൂർ റെയിൽവേ അടിപാതയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന്റെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് ഇന്നലെ മുതൽ ഗതാഗതം പൂർണ്മായും നിരോധിച്ചത്. ഇതേതുടർന്ന് ഇന്നലെ രാവിലെ മുതൽ ഇതുവഴി വന്ന സ്‌കൂൾ ബസുകൾ ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾക്ക് തിരിച്ചുപോകേണ്ടി വന്നു. റോഡ് അടയ്ക്കുമ്പോൾ മാദ്ധ്യമങ്ങളിൽ റെയിൽവേ മുന്നറിയിപ്പ് വാർത്ത നൽകുന്ന പതിവുണ്ട്. ഈ റോഡിന്റെ കാര്യത്തിൽ അതുണ്ടായില്ല. തിരുവല്ലയുടെ ഔട്ടർ റിംഗ് റോഡായി അടുത്തകാലത്ത് നിർമ്മാണം പൂർത്തിയാക്കിയ കുറ്റൂർ-മനയ്ക്കച്ചിറ റോഡ് പൂർണ്ണമായും അടച്ചത് പ്രദേശവാസികൾ ഉൾപ്പെടെയുള്ളവരെ ദുരിതത്തിലാക്കി. ഡിസംബർ മൂന്നുവരെ ഗതാഗതം നിരോധിച്ചതായാണ് റോഡ് അടച്ചു സ്ഥാപിച്ച ഫ്ളക്സ് ബോർഡിൽ എഴുതിയിട്ടുള്ളത്.

ശബരിമല തീർത്ഥാടകർ ബുദ്ധിമുട്ടിലാകും

ശബരിമല സീസൺ ആരംഭിച്ചതോടെ റോഡ് അടച്ചത് അയ്യപ്പന്മാർ ഉൾപ്പെടെയുള്ളവരെ ബുദ്ധിമുട്ടിലാക്കും. റോഡ് അടച്ചതോടെ എം.സി.റോഡിലേക്ക് എത്തിച്ചേരാൻ പ്രദേശവാസികൾ അഞ്ചു കിലോമീറ്ററോളം അധികമായി സഞ്ചരിക്കേണ്ടിവരും. വഴി തിരിഞ്ഞുപോകണമെന്ന് ഫ്ളക്സിൽ എഴുതിയിട്ടുണ്ടെങ്കിലും ഏതുവഴിയെ പോകണമെന്ന് വ്യക്തമാക്കിയിട്ടില്ല. ബദൽ മാർഗങ്ങൾ ഇല്ലാത്തതിനാൽ അപരിചിതരായ വഴിയാത്രക്കാർ പെരുവഴിയിൽ കുടുങ്ങുന്ന സ്ഥിതിയാകും. കുറ്റൂർ അടിപ്പാതയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ പലതവണ റെയിൽവേ നടത്തിയ പരിഷ്‌ക്കാരങ്ങൾ ഫലം കണ്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് നിലവിലെ റോഡ് ഉയർത്തി കോൺക്രീറ്റ് ചെയ്യാനുള്ള പണികൾ തുടങ്ങിയത്.

നാട്ടുകാർ പ്രതിഷേധിച്ചു

റോഡ് ഉയർത്തുന്നത് ടോറസ്, ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് തടസ്സമുണ്ടാക്കുമെന്നും നിലവിലെ റോഡിന്റെ വീതി കുറയ്ക്കുമെന്നും നാട്ടുകാർ പറയുന്നു. കാൽനട യാത്രപോലും അസാധ്യമാകുന്ന വിധത്തിൽ നിർമ്മാണം നടക്കുമ്പോൾ ബദൽ സംവിധാനം ഒരുക്കാത്ത റെയിൽവേയുടെ നടപടിയിൽ യാത്രക്കാരും നാട്ടുകാരും പ്രതിഷേധിച്ചു.