തിരുവല്ല: ഖത്തറിൽ 20ന് ആരംഭിക്കുന്ന ഫുട്ബാൾ ലോകകപ്പിന് ആവേശംപകരാൻ ജില്ലാ ഫുട്‍ബാൾ അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് 12 സ്‌കൂളുകളിൽ വരവേൽപ്പ് ഒരുക്കും. തിരുവല്ല മാർത്തോമ്മാ റസിഡൻഷ്യൽ സ്‌കൂളിൽ രാവിലെ 8.30ന് ഇന്റർനാഷണൽ ഫുട്ബാൾ താരം കെ.ടി.ചാക്കോ ഉദ്ഘാടനം ചെയ്യും. ഫുട്ബാൾ ഡാൻസ്, ക്വിസ്, ഫുട്ബാൾ അഭ്യാസങ്ങൾ, ഫുട്ബാൾ വിസ്മയ കാഴ്ചകൾ എന്നിവ പ്രദർശിപ്പിക്കുന്ന എൽ.ഇ.ഡി സ്ക്രീനും പ്രദർശനറാലിക്ക് കൊഴുപ്പേകാൻ ഒരുക്കിയിട്ടുണ്ട്. കായികതാരങ്ങൾ, ഫുട്ബാൾ പ്രേമികൾ, ജില്ലാ ഫുട്ബാൾ അസോസിയേഷൻ ഭാരവാഹികൾ എന്നിവർ റാലിയെ അനുഗമിക്കും. ലോകകപ്പ് അവസാനിക്കുമ്പോൾ വിവിധ സ്‌കൂളുകളെ ഉൾപ്പെടുത്തി ഇന്റർ സ്‌കൂൾ ഫുട്ബാൾ മത്സരവും സംഘടിപ്പിക്കുമെന്ന് ഫുട്‍ബാൾ അസോസിയേഷൻ പ്രസിഡന്റ് ഡോ. റെജിനോൾഡ് വർഗീസ്, സെക്രട്ടറി ജോയ് പൗലോസ്, ഭാരവാഹികളായ വർഗീസ് മാത്യു, റെനി വർഗീസ്, എം.മാത്യൂസ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.