അന്നദാന വിതരണം അനിശ്ചിതത്വത്തിൽ

പന്തളം : ശബരിമലതീർത്ഥാടകരെ സ്വീകരിക്കുവാൻ പന്തളവും വലിയ കോയിക്കൽ ക്ഷേത്രവും ഒരുങ്ങി . സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവാഭരണ ദർശനം പുലർച്ചെ 5.30 മുതൽ രാത്രി 8 വരെ ഉണ്ടാകും. പൊലീസ് ഫയർ ഫോഴ്‌സ് ,ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് വേണ്ട സജ്ജീകരണങ്ങൾ ഭജന മണ്ഡപത്തിലും പഴയ ഷെൽട്ടർ കെട്ടിടത്തിലും ക്രമീകരിച്ചു. ജില്ലാ ഭരണ കൂടത്തിന്റെ ഇൻഫർമേഷൻ സെന്റർ തുടങ്ങി. വെർച്വൽ ക്യൂ ബുക്കിങ് കേന്ദ്രവും ഷെൽട്ടറിൽ ആരംഭിക്കും. മരാമത്ത് നിർമ്മാണ പ്രവൃത്തികൾ ഇന്നലെ പൂർത്തിയായി. നഗര സഭയുടെ ഭാഗമായി സൗജന്യ പാർക്കിംഗ് സംവിധാനവും ക്രമീകരിച്ചു.
മതിയായ അന്നദാന ഫണ്ട് അനുവദിക്കുന്നതിൽ ബോർഡ് വീഴ്ച വരുത്തിയതായി പരാതിയുണ്ട്. കൊവിഡ് കാലത്ത് അനുവദിച്ച 10 ലക്ഷം രൂപ മാത്രമാണ് അന്നദാനത്തിനായി ഇത്തവണയുമുള്ളത്. കൊവിഡ് കാലത്തിനു മുൻപ് 40 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ ശേഷം വന്ന സീസണിൽ ആരംഭ ദിവസം പോലും അന്നദാന വിതരണം ആരംഭിക്കുവാൻ കഴിഞ്ഞിരുന്നില്ല. ആകെ അനുവദിച്ച
10 ലക്ഷത്തിനു പുറമെ ഉപദേശക സമിതി സ്‌പോൺസർമാരെ കണ്ടെത്തിയാണ് അന്നദാന വിതരണം മുഴുവൻ ദിവസവും നടത്തിയത്. അന്യ സംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പടെ കൂടുതൽ ഭക്തർ ഇത്തവണ എത്തുമെന്ന് ദേവസ്വം ബോർഡിനെ അറിയിച്ചിട്ടും തുക വർദ്ധിപ്പിച്ചിട്ടില്ല. ബാക്കി തുക ഉപദേശക സമിതി വഹിക്കാനാണ് നിർദ്ദേശം. ബോർഡ് കൂടുതൽ തുക അനുവദിച്ചില്ലെങ്കിൽ ഭാരിച്ച സാമ്പത്തിക ബാദ്ധ്യത ഉണ്ടാകുമെന്ന് പ്രസിഡന്റ് ജി പൃഥ്വിപാൽ, സെക്രട്ടറി ആഘോഷ് വി സുരേഷ്,. ആർ മോഹനൻ. രാജ്കുമാർ എന്നിവർ പറഞ്ഞു.