 
ശബരിമല : ശരണാരവങ്ങളോടെ വീണ്ടുമൊരു തീർത്ഥാടന കാലത്തേക്ക് വ്രതംനോറ്റ് മലചവിട്ടുകയാണ് തീർത്ഥാടക സഹസ്രങ്ങൾ. വൃശ്ചിക പുലരിയായ ഇന്നാണ് തീർത്ഥാടനം ആരംഭിക്കുന്നതെങ്കിലും ഇന്നലെ നടയടയ്ക്കും വരെയും ശരണംവിളിയും കൂപ്പുകൈകളുമായി ഹരിഹരസുതന്റെ മുന്നിലേക്ക് ഭക്തർ എത്തിക്കൊണ്ടേയിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചമുതൽ തന്നെ നിരവധി ഭക്തർ അയ്യപ്പദർശനത്തിനായി പമ്പയിൽ വിരിവച്ചു കാത്തിരിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ഭക്തരെ സന്നിധാനത്തേക്ക് മല ചവിട്ടാൻ അനുവദിച്ചത്.
കൊവിഡ് പ്രതിസന്ധിയകന്ന് പൂർണ തോതിൽ തീർത്ഥാടനം ആരംഭിച്ചതോടെ വൻ ഭക്തജനത്തിരക്ക് പ്രതീക്ഷിച്ചിരുന്നു. നട തുറന്നപ്പോഴേക്കും ഭക്തരുടെ നിര മരക്കൂട്ടം വരെ നീണ്ടു. സ്വാമി അയ്യപ്പൻ റോഡ് വഴി എത്തിയവരെ മരക്കൂട്ടത്തും ചന്ദ്രാനന്ദൻ റോഡ് വഴിയെത്തിവരെ ജ്യോതിർ നഗറിലും പൊലീസ് നിയന്ത്രിച്ചു നിറുത്തി. ഇന്നലെ സന്ധ്യയോടെ സന്നിധാനത്തും പരിസരത്തും മഴ പെയ്തു.