അപകടങ്ങൾ കുറയ്ക്കാൻ പദ്ധതി

ചെങ്ങന്നൂർ: എം.സി. റോഡിൽ അടൂർ- ചെങ്ങന്നൂർ സുരക്ഷാ ഇടനാഴിയിലെ ചെങ്ങന്നൂർ മുതൽ കാരയ്ക്കാട് വരെയുള്ള ഭാഗത്തെ അപകടങ്ങൾ കുറയ്ക്കാൻ പദ്ധതി തയ്യാറായി. ഇൗ ഭാഗത്ത് അപകടങ്ങൾ വർദ്ധിക്കുന്നതിനെക്കുറിച്ച് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. മുളക്കുഴ മേഖലയിലും ആഞ്ഞിലിമൂട്, ചെങ്ങന്നൂർ നഗര കേന്ദ്രങ്ങളിലുമാണ് അപകടങ്ങളേറുന്നത്. ഇടനാഴിയുടെ ഭാഗമായി സുരക്ഷാ സംവിധാനങ്ങളും ഗതാഗത പരിഷ്‌കരണങ്ങളും ഒരുക്കുമ്പോഴും അപകട പരമ്പരയ്ക്കു പരിഹാരമാകുന്നില്ല. ആഞ്ഞിലിമൂട് ജംഗ്ഷനിൽ നവീകരണം നടത്തി റൗണ്ട് എബൗട്ട് അടക്കം നിർമ്മിച്ചിട്ടും അപകടങ്ങൾ തുടരുകയാണ്.

ആഞ്ഞിലിമൂട് റൗണ്ട് എബൗട്ടിൽ സിഗ്നൽ സംവിധാനം ഒരുക്കും. നേരെ പോകുന്ന വാഹനങ്ങൾ ഒഴിച്ചുള്ളവ 30 സെക്കൻഡ് വീതം സിഗ്നൽ പരിധിയിലാക്കും. മുളക്കുഴ പഞ്ചായത്ത് ജംഗ്ഷൻ, ഷാപ്പുപടി എന്നിവിടങ്ങളിലും പരിഷ്‌കാരങ്ങൾ കൊണ്ടുവരും.ആഞ്ഞിലിമൂട്ടിലെ ബസ് സ്റ്റോപ്പ് പുനക്രമീകരിക്കും, പൊലീസ്, മോട്ടോർ വെഹിക്കിൾ, കെ.എസ്.ടി.പി., നാറ്റ്പാക്ക് എന്നിവയുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തണമെന്ന് സജി ചെറിയാൻ എം.എൽ.എ നിർദ്ദേശം നൽകി.

പാണ്ടനാട് ഭാഗത്തേക്ക് പോകുന്ന പുത്തൻവീട്ടിൽപ്പടി ജംഗ്ഷനു സമീപമുള്ള സിഗ്നൽ സംവിധാനം വരുംദിവസം മുതൽ പൂർണ രീതിയിൽ പ്രവർത്തിക്കും. മുണ്ടൻകാവിലെ അപകടകേന്ദ്രമായ ഡിവൈഡർ പൊളിച്ചു കളയാൻ കെ.എസ്.ടി.പി. അധികൃതർക്ക് നിർദേശം നൽകി. പകരം റിഫ്‌ളെക്ടറുകളും അതിനൂതന ലൈറ്റുകളും സ്ഥാപിച്ച് റോഡിലെ ഗതാഗതം ക്രമീകരിക്കും.യോഗത്തിൽ സജി ചെറിയാൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ ഡി.വൈ.എസ്.പി. ഡോ. ആർ. ജോസ്, ആലപ്പുഴ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. കെ.സി. ആന്റണി, എം.എസ്. ശ്രീജ, പി.ഐ. മുഹമ്മദ് സജീർ, പി.എസ്. ജിതിൻ, അരുൺ ചന്ദ്രൻ. എ. സുനിത, പ്രേംജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

ഇനി കാമറാ നിരീക്ഷണത്തിൽ

ചെങ്ങന്നൂർ നഗരപരിധിയും, ഇടനാഴി ഭാഗങ്ങളും പൂർണമായും കാമറ നിരീക്ഷണത്തിലാകും. ഇതിനായി 40 ലക്ഷം രൂപ അനുവദിക്കും. 30 കാമറകൾ ചെങ്ങന്നൂരിനെ നിരീക്ഷണ വലയത്തിലാകും. ലൈസൻസ് സസ്‌പെൻഡ് ചെയ്യും അമിത വേഗത്തിൽ പോകുന്നതും നിയമം തെറ്റിക്കുന്നതുമായ ഡ്രൈവർമാരുടെ ലൈസൻസ് കുറഞ്ഞത് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്യാനുള്ള നടപടി സ്വീകരിക്കും.