കൊടുമൺ: അങ്ങാടിക്കൽ എസ്. എൻ. വി. ഹയർ സെക്കൻഡറി സ്‌കൂൾ അങ്കണത്തിൽ സ്ഥാപിക്കുന്നതിന് രാജസ്ഥാനിൽ മാർബിളിൽ നിർമ്മിച്ച ശ്രീനാരായണ ഗുരുവിന്റെ പ്രതിമ 22ന് അടൂരിൽ നിന്ന് ഘോഷയാത്രയോടെ കൊണ്ടുവരും. രാവിലെ 8.30ന് യൂണിയൻ ഒാഡിറ്റോറിയത്തിൽ കൂടുന്ന സമ്മേളനം യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹനൻ ഉദ്ഘാടനം ചെയ്യും. യോഗം കൗൺസിലർ എബിൻ ആമ്പാടിയിൽ അദ്ധ്യക്ഷനായിരിക്കും. യൂണിയൻ ചെയർമാൻ അഡ്വ. എം. മനോജ് കുമാർ, സ്‌കൂൾ മാനേജർ രാജൻ ഡി. ബോസ്, ശാഖായോഗം പ്രസിഡന്റ് രാഹുൽ മംഗലത്തിൽ, കെ. പി. മദനൻ, സെക്രട്ടറി ബിനു പുത്തൻവിളയിൽ എന്നിവർ സംസാരിക്കും.

ഘോഷയാത്ര വിവിധ ശാഖായോഗങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കായലുകണ്ണമ്പള്ളിൽ ക്ഷേത്രത്തിലെത്തിച്ചേരും. അവിടെ നിന്ന് വൈകിട്ട് 6 മണിക്ക് സ്‌കൂൾ ഗ്രൗണ്ടിൽ എത്തിച്ചേരും.