ചെങ്ങന്നൂർ: എം.സി റോഡിൽ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോയിലുണ്ടായിരുന്ന മൂന്നു യാത്രക്കാർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു. ഓട്ടോയിലുണ്ടായിരുന്ന പന്തളം സ്വദേശികളായ യശോധ (75) ശോഭ (50) ദീപ (45) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ യശോധയുടെ പരുക്ക് ഗുരുതരമാണ്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. എം.സി റോഡിൽ മുളക്കുഴ കാരയ്ക്കാട് പാറയ്ക്കലിൽ ഇന്നലെ രാവിലെ 11നായിരുന്നു അപകടം. കാരയ്ക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ജീപ്പും, ചെങ്ങന്നൂർ ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്. ജീപ്പ് ബസിനെ ഓവർ ടേക്ക് ചെയ്ത് വരുമ്പോഴായിരുന്നു അപകടം.