1
നാരകത്താനി - മുതുപാല റോഡിലെ തേക്കുങ്കൽപടിയിലെ ഇന്റെർലോക്ക് ഇളക്കി മാറ്റിയ ഇടം തകർന്ന നിലയിൽ

മല്ലപ്പള്ളി : നാരകത്താനി -മുതുപാല റോഡിൽ തേക്കുങ്കൽ പടിയിലെ റോഡുതകർച്ചയ്ക്ക് പരിഹാരമായില്ല. പുറമറ്റം ഗ്രാമപഞ്ചായത്ത് ആറാംവാർഡിലാണ് റോഡ്. സ്ഥിരമായി ഉണ്ടാകുന്ന തകർച്ച ഒഴിവാക്കുവാൻ 8 മാസം മുമ്പ് ഇന്റർലോക്ക് കട്ടകൾ നിരത്തിയിരുന്നെങ്കിലും ദിവസങ്ങൾക്കുള്ളിൽ കേടുപാടുകൾ ഉണ്ടായതോടെ കരാറുകാരൻ തന്നെ ഇളക്കിമാറ്റി. 30 മീറ്ററോളം ഭാഗത്താണ് കട്ടകൾ പാകിയത്. കട്ട നിരത്തിയതിന് ശേഷം വശങ്ങളിൽ കോൺക്രീറ്റ് ചെയ്യാതിരുന്നതാണ് ഇവ നശിക്കാൻ കാരണം. ചുങ്കപ്പാറ,​എഴുമറ്റൂർ മേഖലകളിൽ നിന്ന് ഭാരംകയറ്റി വരുന്ന ലോറികളും തകർച്ചയ്ക്ക് ആക്കംകൂട്ടി. വെണ്ണിക്കുളം - വാലാങ്കര - അയിരൂർ , പടുതോട് - എഴുമറ്റൂർ എന്നീ റോഡുകളുമായി ബന്ധിപ്പിക്കുന്നതിനാൽ ഒട്ടേറെ വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.എഴുമറ്റൂർ,കൊറ്റൻകുടി, പാടിമൺ, കീഴ് വായ്പൂര് എന്നീ പ്രദേശങ്ങളിലെ ആളുകൾക്ക് വെണ്ണിക്കുളം,തെള്ളിയൂർ, തടിയൂർ എന്നിവിടങ്ങളിൽ എത്തിച്ചേരുന്നതിനുള്ള എളുപ്പമാർഗം കൂടിയാണ് റോഡ്. ചെറുവാഹനങ്ങൾക്ക് ഇതുവഴിപോകാനാകാത്ത സ്ഥിതിയാണ്. എൺപതോളം കുടുംബങ്ങളുടെ ഏക ആശ്രയമായ റോഡിൽ അധികാരികളുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഇന്റർലോക്ക് കട്ടകൾ പാകിയതും അറ്റകുറ്റപ്പണി നടത്തിയതും പ്രഹസനമാണ്. കരാറുകാരെ സഹായിക്കുന്ന അധികാരികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണം.

മുഹമ്മദ് സാദിഖ്

പ്രദേശവാസി