 
പന്തളം: അയ്യപ്പ സ്വാമിയുടെ മൂലസ്ഥാനമായ പന്തളം വലിയ കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ വ്യശ്ചിക ചിറപ്പിന്റെ ആരംഭംകുറിച്ച ഇന്നലെ വൻ ഭക്തജന തിരക്ക്. പുലർച്ചെ മുതൽ ശരണ മുഖരിതമായിരുന്നു ക്ഷേത്രവും പരിസരവും. തിരുവാഭരണ ദർശനത്തിനായി സ്രാമ്പിക്കൽ കൊട്ടാരത്തിലും വൻ തിരക്കുണ്ടായിരുന്നു.പുലർച്ചെ 5.30 മുതൽ രാത്രി 8 വരെ ഭക്തർക്ക്' തിരുവാഭരണ ദർശനത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. ശബരിമല ദർശനത്തിന് പോകുന്നതിന് വ്രതം നോക്കുന്നതിന് മുന്നോടിയായി നിരവധി ഭക്തർ ക്ഷേത്രത്തിൽ എത്തി മേൽശാന്തിയെ കൊണ്ട് മാല പൂജിച്ച് ധരിച്ചു. പന്തളം ഫ്രണ്ട് സ് അയ്യപ്പ ഡിവോട്ടി ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 29 വർഷമായി നടത്തിവരുന്ന ചിറപ്പ് മഹോത്സവത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ മുതൽ ക്ഷേത്രത്തിൽ ചടങ്ങുകൾ നടന്നു. രാവിലെ 11.30 ന് മണികണ്ഠനാൽത്തറയിൽ നിന്ന് വിശിഷ്ട വ്യക്തികളെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ച് ആനയിച്ചു . ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും രാജപ്രതിനിധി മൂലം നാൾ ശങ്കർ വർമ്മയും ചേർന്ന് അന്നദാനം ഉദ്ഘാടനംചെയ്തു. നഗരസഭാ ചെയർ പേഴ്‌സൺ സുശീലാ സന്തോഷ്, കൗൺസിലർമാരായ കെ.ആർ.രവി, പന്തളം മഹേഷ്, ദേവസ്വം അസി.കമ്മിഷണർ സൈനു രാജ്, വലിയ കോയിക്കൽ ഏ. ഒ.വിനോദ് കുമാർ, വലിയ കോയിക്കൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ജി. പ്യഥി പാൽ, സെക്രട്ടറി ആഘോഷ് വി. സുരേഷ്, ഫ്രണ്ട്‌സ് ഡിവോട്ടി ഓർഗനൈസേഷൻ ഭാരവാഹികളായ അഡ്വ.വി.സി. കപിൽ, വിനോദ് ആർ.പിള്ള, ശ്രീ രാജ് ആർ. ചന്ദ്രൻ എന്നിവർ പങ്കെടുത്തു.