
ശബരിമല: മണ്ഡല മഹോത്സവത്തിന് നടതുറന്ന ഇന്നലെ അയ്യപ്പ സന്നിധിയിൽ നടന്ന സീസണിലെ ആദ്യ കളഭാഭിഷേകം ഭക്തിസാന്ദ്രമായി. കഴിഞ്ഞ 19 വർഷം വൃശ്ചികം ഒന്നിന് തുടർച്ചയായി വഴിപാട് നടത്തുന്ന കൊല്ലം അഞ്ചാലുംമൂട് കുപ്പണ മംഗലത്ത് വീട്ടിൽ എസ്.മനോജ് കുമാറാണ് ഇത്തവണയും വഴിപാട് നടത്തിയത്. കേരളകൗമുദി ദിനപത്രത്തിനു വേണ്ടി കൂടിയായിരുന്നു വഴിപാട്. ഇന്നലെ ഉച്ചയോടെ പൂജിച്ച കളഭ കലശം തിടപ്പള്ളിയിൽ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് പ്രദക്ഷിണംവച്ച ശേഷം ശ്രീകോവിലിലേക്ക് എത്തിച്ചു. തുടർന്ന് കണ്ഠര് രാജീവരരും മേൽശാന്തി ജയരാമൻ നമ്പൂതിരിയും ചേർന്ന് അയ്യപ്പവിഗ്രഹത്തിൽ കളഭാഭിഷേകം നടത്തി. കർപ്പൂര ആരതി ഉഴിഞ്ഞ് അഭിഷേകം പൂർത്തിയാക്കി. ഉച്ചപൂജയ്ക്ക് ശേഷം നട അടച്ചു.
ആഗ്രഹ പൂർത്തീകരണത്തിന് ശേഷമാണ് വിശ്വാസികൾ കളഭാഭിഷേക വഴിപാട് നടത്തുന്നത്. മുൻകൂട്ടി ബുക്കുചെയ്തെങ്കിൽ മാത്രമേ ഭക്തർക്ക് കളഭാഭിഷേക വഴിപാട് നടത്താൻ കഴിയു. ആവശ്യമായ ദ്രവ്യങ്ങൾ വഴിപാടുകാരൻ എത്തിച്ചാൽ 5000 രൂപയും ഇല്ലെങ്കിൽ 38400 രൂപയുമാണ് വഴിപാട് തുക. മറയൂരിൽ നിന്ന് എത്തിക്കുന്ന രണ്ടരക്കിലോ ചന്ദനം അരച്ചാണ് മനോജ് നേരത്തെ കളഭാഭിഷേകം നടത്തിയിരുന്നത്. പുറത്തു നിന്ന് അരച്ചുകൊണ്ടുവരുന്ന ചന്ദനം ഉപയോഗിക്കാൻ പാടില്ലെന്ന നിർദ്ദേശത്തെ തുടർന്ന് ഇക്കുറി ദേവസ്വം ബോർഡിൽ നിന്ന് കളഭം വാങ്ങിയാണ് മനോജ് അഭിഷേകം നടത്തിയത്.