 
റാന്നി : റാന്നി - അത്തിക്കയം റോഡിൽ കരികുളം സംരക്ഷിത വനമേഖലയിൽ മുളംചില്ലകൾ യാത്രക്കാർക്ക് ഭീഷണിയാവുന്നു. 1987ൽ വനംവകുപ്പ് നട്ടുപിടിപ്പിച്ച മുള വളർന്നു പന്തലിച്ചു റോഡിലേക്ക് ചാഞ്ഞു കിടക്കുകയാണ്. സമയാസമയങ്ങളിൽ വെട്ടിയൊതുക്കുകയോ മറ്റു ആവശ്യങ്ങൾക്കായി വിനിയോഗിക്കുകയോ ചെയ്യാത്തതുമൂലം യാത്രക്കാരാണ് ഏറെയും ബുദ്ധിമുട്ടുന്നത്. ഇതുവഴി കടന്നു പോകുന്ന ബസ് യാത്രക്കാരുടെ ദേഹത്തു മുളം ചില്ലികൾ തട്ടി പരിക്കേക്കാറുണ്ട്. കൂടാതെ ഉണങ്ങിയ വലിയ മുളകൾ റോഡിലേക്ക് ചാഞ്ഞു കിടക്കുന്നുമുണ്ട്.സംരക്ഷിത വന മേഖലകളിൽ മുളകൾ നട്ടു വളർത്തിയ വനം വകുപ്പ് വെട്ടിലായ അവസ്ഥയിലാണ്. മുളകൾ ലേലത്തിനെടുക്കാൻ കരാറുകാരെ കിട്ടാത്തതിനാലാണ് ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നവിധം വളർന്നു നിൽക്കുന്നത്.
കല്ലം മുളകൾ പേപ്പർ ഉദ്പ്പാദനം ലക്ഷ്യമിട്ട്
റാന്നി വനം ഡിവിഷനിൽ മൂങ്ങാപ്പാറ, കരികുളം, പാമ്പിനി, മണിയാർ,ചിറ്റാർ, തെക്കുംമല. ഒളികല്ല്, കൊടുമുടി, അടിച്ചിപ്പുഴ എന്നിവിടങ്ങളിലാണ് 1986 – 87 വർഷത്തിൽ കല്ലൻ മുളകൾ നട്ടത്. പേപ്പർ ഉൽപ്പാദനത്തിന് അടിസ്ഥാന സൗകര്യം ഒരുക്കുകയായിരുന്നു പ്രധാന ലക്ഷ്യം. കൂടെ മണ്ണൊലിപ്പ് തടയുകയും ലക്ഷ്യമിട്ടിരുന്നു. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിന് മുള നൽകാനാണ് പദ്ധതിയിട്ടത്. കേന്ദ്ര സർക്കാർ വെള്ളൂരിൽ പേപ്പർ മിൽ തുടങ്ങിയപ്പോൾ സംസ്ഥാന സർക്കാരുമായി ഏർപ്പെട്ട കരാറിലെ വ്യവസ്ഥകൾ പ്രകാരമാണ് വന മേഖലയിൽ മുളകൾ നട്ടിരുന്നത്. വിളവ് എത്തിയിട്ട് കാലങ്ങളായി പൂർണ വളർച്ച എത്തുന്ന മുളകൾ 21 മുതൽ 100 വർഷത്തിനു ഇടയിൽ പൂക്കുകയും അതോടെ മുഴുവനായും ഉണങ്ങുകയുമാണ് ചെയ്യുന്നത്. ഇവിടെ നട്ട മുളകൾ ഉണങ്ങി പോകും വരെ ജനങ്ങൾ ബുദ്ധിമുട്ട് സഹിക്കേണ്ട അവസ്ഥയാണ്.
വനം വകുപ്പ് ഇടപെടണം
വനം വകുപ്പ് ഇടപെട്ട് മുളകൾ അടിയന്തരമായി വെട്ടിയൊതുക്കി അപകട ഭീഷണി ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണ്. സംരക്ഷിത മേഖലയായതിനാൽ ജനങ്ങൾക്ക് ഇവ വെട്ടുന്നതിനും മറ്റും നിയന്ത്രണമുണ്ട്. കൂടാതെ ഇവിടെ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താൻ അധികൃതർ നടപടി എടുക്കേണ്ടതാണ്.
..............
അനങ്ങാപ്പാറനയവുമായി വനം വകുപ്പ്