 
മുട്ടത്തുകോണം: ലഹരി ഉപയോഗത്തിനെതിരെ കേരളകൗമുദി നടത്തുന്ന ബോധപൗർണമി സെമിനാറുകൾ നാടിന് ഗുണം ചെയ്യുന്ന വഴികാട്ടിയാണെന്ന് എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ പറഞ്ഞു. കേരളകൗമുദിയും എക്സൈസ് വകുപ്പും ചേർന്ന് മുട്ടത്തുകോണം എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്കൂളിൽ നടത്തിയ ബോധപൗർണമി സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ ലഹരി മാഫിയയിൽ നിന്ന് സംരക്ഷിക്കാൻ കേരളകൗമുദി വർഷങ്ങളായി നടത്തിവരുന്ന ബോധവൽക്കരണ പരിപാടികൾക്ക് വൻ ജന പിന്തുണയാണ് ലഭിച്ചുവരുന്നത്. മയക്കുമരുന്ന് ഉപയോഗം ഭയാനകമായ രീതിയിൽ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ബോധവൽക്കരണ പരിപാടികൾ ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
എക്സൈസ് പ്രിവന്റീവ് ഒാഫീസർ ടി. പ്രഭാകരൻ പിള്ള ക്ളാസ് നയിച്ചു. കേരളകൗമുദി ചീഫ് റിപ്പോർട്ടർ എം.ബിജുമോഹൻ ആമുഖപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് രാജൻ ചെറിയത്ത് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ പി.ഗിരീഷ്, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് എസ്.പുഷ്പ, എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് പി.ഉഷ, പി.ടി.എ വൈസ് പ്രസിഡന്റ് എസ്.കെ.സനു, സീനിയർ അസി.എം.ആർ രേഖ, കേരളകൗമുദി അസി. സർക്കുലേഷൻ മാനേജർ കെ.പ്രശോഭ എന്നിവർ സംസാരിച്ചു.
മയക്കുമരുന്നിന്റെ വിപത്ത്
ചൂണ്ടിക്കാട്ടി ലഹരി വിരുദ്ധ ക്ളാസ്
ക്ളാസെടുത്ത എക്സൈസ് പ്രിവന്റീവ് ഒാഫീസർ ടി. പ്രഭാകരൻപിള്ളയുടെ ക്ളാസ് കുട്ടികൾക്ക് പുതിയ ചിന്തകൾ പകർന്നു. കഥ പറഞ്ഞും അറിവ് പകർന്നും അദ്ദേഹം ലഹരിയുടെ വിപത്തിനെക്കുറിച്ച് വിവരിച്ചു. എം.ഡി.എം.എ ഉപയോഗിക്കുന്നവരുടെ പല്ലുകൾ കൊഴിഞ്ഞു പോയതും കവിളുകൾ ഒട്ടിയതും കണ്ണുകൾ ചുവന്നതുമായ നിരവധി ഉദാഹരണങ്ങൾ നിരത്തി. എം.ഡി.എം.എ ഉപയോഗിച്ചവർ തലച്ചോറിൽ കാൻസർ ബാധിച്ച് മരണപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാട്ടി. എം.ഡി.എം.എ ഉപയോഗിക്കുന്നവരുടെ ആയുസ് അഞ്ച് വർഷത്തിനപ്പുറം നിളീല്ലെന്ന ഡോക്ടർമാരുടെ നിഗമനങ്ങളെക്കുറിച്ചും പറഞ്ഞു. മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്ക് വിശപ്പും ഉറക്കവുമില്ല. മയക്കുമരുന്നിലൂടെ ഉൻമാദം കണ്ടെത്തുന്നവർ 24 മണിക്കൂറിനുള്ളിൽ തളരും. ഭീകരമായ തരത്തിൽ രോഗവും വിപത്തുമുണ്ടാക്കുന്നതാണ് എം.ഡി.എം.എ. സിനിമകളിൽ മദ്യപിക്കുന്ന രംഗങ്ങളിൽ അഭിനയിക്കുന്നവർ യഥാർത്ഥത്തിൽ മദ്യമല്ല ജ്യൂസും വെള്ളവുമാണ് കഴിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.