 
മല്ലപ്പള്ളി :എഴുമറ്റൂർ വായ്പൂര് ബസ്റ്റാൻഡ് റോഡിൽ അപകട പരമ്പര തുടരുന്നു. 2020 - 21 ൽ ഉന്നത നിലവാരത്തിലാക്കിയ റോഡിൽ എഴുമറ്റൂർ മഞ്ചാടി കവലക്ക് സമീപം ഇത് രണ്ടാം തവണയാണ് വലിയ അപകടങ്ങൾ ഉണ്ടാകുന്നത്. 2021-ൽ 6.5 കോടി രൂപ ചിലവഴിച്ച് ഉന്നത നിലവാരത്തിൽ നവീകരണം പൂർത്തിയാക്കിയ റോഡിൽ ക്രാഷ് ബാരേജുകളുടെ കുറവുകൾ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും തുടർനടപടി ഉണ്ടായില്ല. 2021ഒക്ടോബർ മാസം ഏലിക്കുഴ വീട്ടിൽ ബിനു കുമാറിന്റെ ഭവനത്തിൽ പിക്കപ്പ് വാൻ ഇടിച്ചു കയറിയതിനെ തുടർന്ന് വീട് ഭാഗികമായി തകർന്നിരുന്നു. ഈ വീടിനോട് ചേർന്ന പടുതോട് വീട്ടിൽ കുഞ്ഞപ്പന്റെ സംരക്ഷണഭിത്തി ഒരു ഭാഗം തകർത്താണ് ഇന്നലെ തിരുവൻവണ്ടൂർ സ്വദേശിയുടെ ടിപ്പർ ലോറി എഴുമറ്റൂർ മഞ്ചാടി കവല റോഡിൽ അപകടത്തിൽ പെട്ടത്. ലോറി ഡ്രൈവർ പുരുഷു എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന സുരേന്ദ്രൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.പെരുമ്പെട്ടി പൊലീസ് എസ്.എച്ച്.ഒഅടക്കമുള്ള ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തിയിരുന്നു.
ബി.ജെ.പി പ്രതിഷേധിച്ചു
എഴുമറ്റൂർ - പുളിക്കാമറ്റം മേഖലയിൽ പ്രവർത്തിക്കുന്ന ക്വോറികൾക്ക് ദിവസേന 9 പാസുകൾ മാത്രമാണ് അനുവദിച്ചിട്ടുള്ളതെന്നും നിയമലംഘനം നടത്തിയാണ് ക്വാറികളും പ്രവർത്തിക്കുന്നതും , രാവിലെ 6 മുതൽ 10 വരെ ഇവ പ്രർത്തിച്ചു വരുന്നതായും, സ്കൂൾ സമയങ്ങളിലും ടിപ്പറുകൾ സമയം പാലിക്കാതെ സഞ്ചരിക്കുന്നതായും ഇതിനെതിരായി ഡി.വൈ.എസ്.പി , എസ്.പി, ജില്ലാ കളക്ടർ എന്നിവർക്ക് പരാതി നൽകിയിട്ടും യാതൊരുവിധ തുടർനടപടി സ്വീകരിച്ചിട്ടില്ലെന്നും ബി.ജെ.പി എഴുമറ്റൂർ മേഖല കമ്മിറ്റി കുറ്റപ്പെടുത്തി.മേഖലയിലെ ചില ക്രഷർ,ക്വാറികൾ പൂർണമായി പ്രവർത്തനം നടത്തിയിട്ടും നിയമം കാറ്റിൽ പറത്തിക്കൊണ്ട് നടത്തുന്ന ഖനനങ്ങൾക്ക് എതിരെ തുടർ നിയമപ്രവർത്തങ്ങൾ നടത്തുമെന്ന് മേഖലാ പ്രസിഡന്റ് സുരേഷ് ശബരിമയാമാങ്കൽ, സെക്രട്ടറി ദീപുരാജ് എന്നിവർ പ്രതീകരിച്ചു.