തിരുവല്ല: ജില്ലയിലെ പദ്ധതി പ്രവർത്തനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഊർജിതമാക്കണമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി നിർവഹണം ഉൾപ്പെടെയുള്ള പ്രവർത്തനവുമായി ബന്ധപ്പെട്ട് തിരുവല്ല ഗവ എംപ്ലോയീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന നവകേരള തദ്ദേശകം 2.0 ന്റെ ജില്ലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷത വഹിച്ചു.

മികച്ച പ്രവർത്തനം കാഴ്ചവച്ചതിന് തുമ്പമൺ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആർ. ശ്രീലേഖയ്ക്കും ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുജാകുമാരിക്കും ഐ.എൽ.ജി.എം.എസ് പ്രവർത്തനങ്ങളിൽ ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ഓമല്ലൂർ, പള്ളിക്കൽ, റാന്നി പഴവങ്ങാടി ഗ്രാമ പഞ്ചായത്തുകൾക്കുമുള്ള അവാർഡ് മന്ത്രി സമ്മാനിച്ചു. മനസോടിത്തിരി മണ്ണ് പദ്ധതിയിൽ ഭൂമി ദാനം നൽകിയ ഫിലിപ്പ് മാത്യു, എബ്രഹാം പുന്നൂസ്, ജോസഫ് വർഗീസ്, അന്നമ്മ വർഗീസ് എന്നിവരെ ആദരിച്ചു. ഭൂമി ലഭിച്ച ഗുണഭോക്തക്കളായ ലീലാമ്മ, ഗ്രേസി എന്നിവർക്ക് സാക്ഷ്യപത്രം മന്ത്രി നൽകി.
ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ, പത്തനംതിട്ട നഗരസഭാ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ, തിരുവല്ല നഗരസഭ ചെയർപേഴ്സൺ ശാന്തമ്മ വർഗീസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.എസ്. മോഹനൻ, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആർ. തുളസീധരൻ പിള്ള, ഓമല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോൺസൺ വിളവിനാൽ, ഏനാദിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാൽ, നഗരാസൂത്രണ ജോയിന്റ് ഡയറക്ടർ ഹരികുമാർ, ഗ്രാമവികസന വകുപ്പ് ജോയിന്റ് ഡവലപ്‌മെന്റ് കമ്മീഷണർ സി.എസ്. ലതിക തുടങ്ങിയവർ പങ്കെടുത്തു.