ശബരിമല : സന്നിധാനത്ത് തീർത്ഥാടകർക്കായി സ്ഥാപിച്ച ഇ - കാണിക്ക ഇന്റർനെറ്റ് തകരാറുമൂലം പ്രവർത്തിക്കുന്നില്ല. സന്നിധാനത്ത് രണ്ടു സ്ഥലങ്ങളിലായി ധനലക്ഷ്മി ബാങ്ക് സ്ഥാപിച്ചതാണിത്. ഭീം യു.പി.ഐ ഇന്റർഫേസ് ഉപയോഗപ്പെടുത്തിയാണ് ധനലക്ഷ്മി ബാങ്ക് മുഖേന ഇതിന് അവസരമൊരുക്കിയത്. എന്നാൽ സന്നിധാനത്തെ ഇന്റർനെറ്റ് തകരാറുകൾ മൂലം തീർത്ഥാടകർക്ക് ഇത് ഉപയോഗപ്പെടുത്താൻ കഴിയുന്നില്ല. ഗൂഗിൾ പേ, ഫോൺപേ പോലുള്ള ഏതെങ്കിലും ഡിജിറ്റൽ ഇന്റർഫേസ് മുഖേന ക്യു.ആർ കോഡ് സ്കാൻ ചെയ്ത് കാണിക്ക സമർപ്പിക്കുമ്പോൾ നെറ്റ് വർക്ക് തകരാണ് കാണിക്കുന്നത്. സന്നിധാനത്ത് മേലേതിരുമുറ്റത്ത് പ്രസാദം കൊടുക്കുന്നതിന് സമീപത്തും താഴേതിരുമുറ്റത്ത് മഹാകാണിക്കയുടെ സമീപത്തുമാണ് ഇ - കാണിക്ക സ്ഥാപിച്ചിട്ടുള്ളത്. ഇ - കാണിക്കയിലെ ക്യു.ആർ.കോഡ് സ്കാൻ ചെയ്യുന്നതോടെ ഭക്തർ സമർപ്പിക്കുന്ന കാണിക്ക നേരിട്ട് ദേവസ്വം ബോർഡിന്റെ അക്കൗണ്ടിലേക്കെത്തുന്ന രീതിയിലാണ് ക്രമീകരണം. സന്നിധാനത്ത് ബി.എസ്.എൻ.എൽ, ജിയോ അടക്കമുള്ള ഉപഭോക്താക്കൾ നെറ്റ് വർക്ക് തകരാറുകൾ മൂലം സന്നിധാനത്ത് വലയുകയാണ്. ഫോൺ വിളിച്ചാൽ അടിക്കടി കോൾ കട്ടാവും. മുൻ വർഷങ്ങളിൽ ളാഹ മുതൽ സന്നിധാനം വരെ മെബൈൽ ടവറുകൾ സ്ഥാപിച്ചാണ് തീർത്ഥാടകർക്ക് സേവനം ഉറപ്പാക്കാൻ കമ്പനികൾ ശ്രദ്ധിച്ചിരുന്നത്. എന്നാൽ ഇക്കുറി നട തുറന്ന് നാലുദിവസം പിന്നിടുമ്പോഴും മതിയായ രീതിയിൽ സേവനം നൽകുവാൻ കമ്പനികൾ തയാറാകുന്നില്ല. ഇന്റർനെറ്റിന്റെ വേഗക്കുറവ് സന്നിധാനത്തെ എ.ടി.എം കൗണ്ടറുകളുടെയും സർക്കാർ ഓഫീസുകളുടെയും മാദ്ധ്യമ സ്ഥാപനങ്ങളുടെയും പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ധനലക്ഷ്മി ബാങ്ക് സ്ഥാപിച്ച ഈ കൗണ്ടറും പ്രവർത്തനരഹിതമാണ്.