1
തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭവിപണി

മല്ലപ്പള്ളി: രണ്ടുവർഷത്തെ കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷമുള്ള വൃശ്ചികവാണിഭത്തിന് തിരക്കേറി. ഉണക്ക സ്രാവ് വിൽപ്പന പൊടിപൊടിക്കുകയാണ്. ആചാരവും ചരിത്രവും ഇഴപിരിയുന്ന തെള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ വൃശ്ചിക വാണിഭം മദ്ധ്യതിരുവിതാംകൂറിന്റെ ഗ്രാമീണ കാർഷിക സാംസ്‌കാരിക സമൃദ്ധി വീണ്ടും വിളിച്ചറിയിക്കുകയാണ്. ഒരു വർഷത്തെ കാർഷിക അധ്വാനഫലത്തിന്റെ പങ്ക് ഭഗവവതിക്ക് സമർപ്പിക്കുന്ന ആചാരം ദേശമൊരുമിക്കുന്ന ഗ്രാമീണമേളയാക്കി മാറ്റി. കാർഷിക വിളകൾ കാണിക്കയായി ദേവിക്ക് സമർപ്പിക്കുകയും പരസ്പരം കൈമാറുകയുംചെയ്യുന്ന രീതിയിൽനിന്നാണ് വൃശ്ചിക വാണിഭത്തിന്റെ തുടക്കം. അരയ സമുദായക്കാർ ഉണക്കസ്രാവാണ് കാഴ്ചവെച്ചിരുന്നത്. ഇതിന്റെ ഓർമപുതുക്കിയാണ് സ്രാവ് വിൽപ്പന മേളയുടെ താരമായത്. ഇത്തവണ 400 മുതൽ 600 രൂപ വരെ വിലയ്ക്കാണ് സ്രാവ് വിൽപ്പന. വലുപ്പച്ചെറുപ്പം കണക്കാക്കി പലതരത്തിലുള്ള സ്രാവുകളുടെ വൻശേഖരമാണ് വിപണനത്തിന് എത്തിയിരിക്കുന്നത്. മറ്റ് ഉണക്കമത്സ്യങ്ങളും തിരഞ്ഞെടുക്കാം. കൃഷിക്ക് ഉപയോഗിക്കുന്ന ആയുധങ്ങൾ, മണ്ണിലും ലോഹത്തിലും മരത്തിലും തീർത്ത പാത്രങ്ങൾ, വിവിധതരം അടുക്കള ഉപകരണങ്ങൾ, എന്നിവയ്ക്ക് പുറമേ മുറം, കുട്ട, പനമ്പ്, ചട്ടി. വൈവിധ്യമാർന്ന ചെടികൾ, വിത്തുകൾ എന്നിവയെല്ലാം തെള്ളിയൂരിനെ കാർഷികസമൃദ്ധിയുടെ പഴമയിലേക്ക് വീണ്ടും നയിക്കുന്ന കാഴ്ചയാണ്. വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, വിവിധയിനത്തിലുള്ള ഭക്ഷണപദാർത്ഥങ്ങൾ തുടങ്ങി മറ്റു വിൽപ്പന വസ്തുക്കളും ഇവിടെയുണ്ട്. മൂന്നാം ദിവസം പിന്നിടമ്പോൾ വൻതിരക്കാണ് ഉണ്ടായിട്ടുള്ളത്. വൃശ്ചിക വാണിഭം 27 വരെ നീണ്ടുനിൽക്കും.

ഉണക്കൽ സ്രാവിന് 400 മുതൽ 600 രൂപ വരെ