ചെങ്ങന്നൂർ: നഗരഭയിലെ മംഗലം,വാഴാർമംഗലം വാർഡുകളെ പ്രളയ അതിദുരിതബാധിത പ്രദേശമായി കണക്കാക്കി കൂടിയാലോചനകൾ നടത്താതെ ഗ്രാമസഭയിൽ ചർച്ചചെയ്യാതെയും ധൃതിപിടിച്ച് ഏകപക്ഷീയമായി മാസ്റ്റർ പ്ലാൻ അടിച്ചേൽപ്പിച്ച നഗരസഭയുടെ നടപടി ജനങ്ങളോടുകാട്ടിയ വഞ്ചനയാണന്ന് ലോക് താന്ത്രിക് ജനതാദൾ ചെങ്ങന്നൂർ നിയോജകമണ്ഡലം പ്രസിഡന്റ് ആർ.പ്രസന്നൻ, സെക്രട്ടറി അജിത് ആയിക്കാട് എന്നിവർ പറഞ്ഞു. പ്രതിഷേധമുയർന്നപ്പോൾ നഗരസഭ മലക്കം മറിയുകയാണ്. മാസ്റ്റർ പ്ലാനിലെ അപാകം മാത്രം പരിഹരിച്ചാൽ മതിയെന്ന നഗരസഭയുടെ ഇപ്പോഴത്തെ നിലപാടും അംഗീകരിക്കാനാവില്ല. നിർമ്മാണപ്രവർത്തനങ്ങളും ഭൂവിനിയോഗപ്രവർത്തനങ്ങളും തടഞ്ഞുകൊണ്ടുള്ള മാസ്റ്റർ പ്ലാൻ റദ്ദ് ചെയ്യണമെന്ന് എൽ.ജെ.ഡി ആവശ്യപ്പെട്ടു. നഗരസഭയുടേയും കൗൺസിലർമാരുടേയും അറിവോടെയുള്ള മാസ്റ്റർ പ്ലാനിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് നഗരസഭ ഒളിച്ചോടാൻ ശ്രമിക്കുകയാണന്നും അവർ കുറ്റപ്പെടുത്തി.