
ശബരിമല : സന്നിധാനത്തെ പ്രധാന വഴിപാടുകളിൽ ഒന്നായ പുഷ്പാഭിഷേകത്തിനുള്ള പൂക്കളുടെ വിതരണം റീ ടെൻഡർ ചെയ്തത് ദേവസ്വം ബോർഡിന് വെട്ടിലാക്കി. പമ്പയിൽ നടന്ന ലേലത്തിൽ പൂക്കളുടെ വിതരണാവകാശം ജി.എസ്.ടി ഉൾപ്പടെ 88 ലക്ഷം രൂപയ്ക്ക് ഗുരുവായൂർ സ്വദേശി വിഷ്ണുവാണ് ഏറ്റെടുത്തത്. ലേലം ഉറപ്പിച്ചതോടെ വിഷ്ണു ലേലത്തുക ബോർഡിൽ അടയ്ക്കുകയും ചെയ്തു. ഇതിനു ശേഷം നടതുറന്നത് മുതൽ പൂക്കളുടെ വിതരണവും ആരംഭിച്ചു.
എന്നാൽ ലേല തുക കുറവാണെന്ന് ചൂണ്ടികാട്ടി ദേവസ്വം ബോർഡ് ഉദ്യോസ്ഥർ കഴിഞ്ഞ ദിവസം വീണ്ടും ലേലം നടത്തി. ഇതിൽ അടൂർ സ്വദേശി ബിനു 1,15,50,000 രൂപയ്ക്ക് ലേലം ഉറപ്പിച്ചു. എന്നാൽ തുകയ്ക്കു പുറമെ ജി.എസ്.ടി അടയ്ക്കണമെന്ന് ദേവസ്വം ബോർഡ് നിർദ്ദേശിച്ചെങ്കിലും ബിനു തയ്യാറായില്ല. കൂടാതെ പൂക്കളുടെ വിതരണത്തിനായി മൂന്നു ദിവസത്തെ സാവകാശവും ആവശ്യപ്പെട്ടു.
എന്നാൽ നോട്ടീസ് നൽകാതെയാണ് റീ - ടെൻഡർ നടത്തിയതെന്നും മറ്റൊരാൾക്ക് ലേലം ലഭിച്ചതിനാൽ പൂക്കളുടെ വിതരണം നിറുത്തിവയ്ക്കുകയാണെന്നും വിഷ്ണു ബോർഡിനെ അറിയിച്ചു. ലേലം ഉറപ്പിക്കുകയും ലേലത്തുക ബോർഡിൽ അടക്കുകയും ചെയ്തശേഷം പുനർലേലം നടത്തിയത് നിയമ വിരുദ്ധമാണെന്നും ഇത് കോടതിയിൽ ചോദ്യം ചെയ്യുമെന്നും വിഷ്ണു പറഞ്ഞു. ഇതോടെ പുഷ്പാഭിഷേകത്തിന് പൂക്കൾ എത്തിക്കുന്നത് മുടങ്ങുന്ന സ്ഥിതിയായി. പുഷ്പാഭിഷേകത്തിനുള്ള പൂക്കൾ അതാതു ദിവസമാണ് സന്നിധാനത്ത് എത്തിക്കുന്നത്.