തിരുവല്ല: ഉപജില്ലാ സ്കൂൾ കലോത്സവം 21, 22, 23 തീയതികളിലായി തിരുവല്ല ദേവസ്വം ബോർഡ് ഹയർസെക്കൻഡറി സ്കൂളിലും കാവുംഭാഗം ഗവ.എൽ.പി.സ്കൂളിലുമായി നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 60ലധികം ഇനങ്ങളിലായി 1600 കുട്ടി പ്രതിഭകൾ മാറ്റുരയ്ക്കുന്ന കലോത്സവത്തിൻ്റെ സ്കൂൾതല രജിസ്ട്രേഷൻ പൂർത്തിയായി. 21ന് രാവിലെ 9ന് കാവുംഭാഗം ഡി.ബി.എച്ച്.എസിൽ മുനിസിപ്പൽ ചെയർപേഴ്സൺ ശാന്തമ്മ വർഗീസിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം ആന്റോ ആന്റോണി എം.പി. ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരം ആർഷാ ബൈജു കലോത്സവം ഉത്ഘാടനം ചെയ്യും. മുനിസിപ്പൽ വൈസ് ചെയർമാൻ ജോസ് പഴയിടം, കൗൺസിലർമാരായ ഷീജ കരിമ്പിൻകാലാ,ഷില വർഗീസ്, അന്നമ്മ മത്തായി,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മിനികുമാരി.വി.കെ.,സ്‌കൂൾ പ്രിൻസിപ്പൽ നവനീത് കൃഷ്ണൻ, പി.ടി.എ പ്രസിഡന്റ് പി.കെ.ഗോപിദാസ്, റോയി മാത്യു, അലക്‌സാണ്ടർ.പി.ജോർജ്ജ്, ചാന്ദിനി.പി എന്നിവർ പ്രസംഗിക്കും.