
പത്തനംതിട്ട :ളാഹ വഞ്ചി വളവിനു സമീപം ബസ് മറിഞ്ഞുണ്ടായ അപകടത്തിന്റെ നടുക്കത്തിലാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വെങ്കണ്ണനും വെങ്കിടേശും . ആന്ധ്രയിൽ നിന്നുള്ള ശബരിമല തീർത്ഥാടകരായ ഇവരുൾപ്പെടെ 44 പേരാണ് ബസിൽ ഉണ്ടായിരുന്നത്.
" നല്ല തണുപ്പുണ്ടായിരുന്നു . എല്ലാവരും ഉറക്കമായിരുന്നു. പമ്പയിലെത്തിയിട്ട് ഭക്ഷണം കഴിക്കാമെന്നാണ് തീരുമാനിച്ചത്. നിലയ്ക്കൽ എത്തിയ ശേഷം ഡ്രൈവർക്ക് വിശ്രമിക്കാമല്ലോയെന്ന് കരുതിയാകാം ബസ് വേഗത്തിൽവിട്ടത്..പെട്ടെന്ന് എടുത്തടിച്ചതു പോലെ വാഹനം മറിയുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് മനസിലാകാൻ സമയമെടുത്തു. ആർക്കും പെട്ടെന്ന് ഒന്നും ചെയ്യാൻ പറ്റിയില്ല. ആരൊക്കെയോ ബസിന്റെ ചില്ല് പൊട്ടിച്ച് ആളുകളെ പുറത്തിറക്കുന്നത് കണ്ടു. ഭാഷ അറിയാത്തതുകൊണ്ട് സംഭവിച്ചതെന്തെന്ന് മനസിലാക്കാൻ സമയമെടുത്തു. " വെങ്കണ്ണനും വെങ്കിടേശും പറഞ്ഞു. " 15ന് വൈകിട്ട് ആറിനാണ് പുറപ്പെട്ടത്. . എല്ലാ വർഷവും ശബരിമലയിൽ വരാറുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട പിൽഗ്രിമേജ് ടൂറിസം കോർഡിനേറ്റർ വഴിയാണ് ബസ് ബുക്ക് ചെയ്യുന്നതും ഭക്ഷണത്തിന്റെ ക്രമീകരണങ്ങൾ നടത്തുന്നതും.അങ്ങോട്ടുമിങ്ങോട്ടുമായി ആറുദിവസത്തെ യാത്രയുണ്ട്. ഡ്രൈവറെ മുൻ പരിചയമില്ല. ക്ഷീണിതനാണെന്ന് പറഞ്ഞിരുന്നെങ്കിൽ വാഹനം നിറുത്തി വിശ്രമിച്ചതിന് ശേഷം പോകാമായിരുന്നു."
കെണിയൊരുക്കി
കൊടുംവളവുകൾ
റാന്നി: ളാഹ വിളക്കുവഞ്ചി മേഖലയിലെ കൊടും വളവുകൾ സ്ഥിരം അപകടമേഖലയാണ്. ഇന്നലെ അപകടം നടന്ന സ്ഥലത്ത് നേരത്തെ മിനി വാൻ കുഴിയിലേക്ക് മറിഞ്ഞ അപകടം നടന്നിരുന്നു. അപകടങ്ങൾ വർദ്ധിച്ചതോടെ തീർത്ഥാടനകാലത്ത് റോഡിന്റെ മദ്ധ്യ ഭാഗത്ത് പ്ലാസ്റ്റിക് ബാരിയർ സ്ഥാപിക്കുമായിരുന്നു. ഇത്തവണ ഇതുണ്ടായില്ല. വളവിൽ മുന്നറിയിപ്പിനായി സ്ഥാപിച്ച സിഗ്നൽ ലൈറ്റുകൾ പ്രകാശിക്കുന്നില്ല. പൊതുമരാമത്തു വകുപ്പിൽ നിന്ന് ദേശീയ ഹൈവേ വിഭാഗം റോഡ് ഏറ്റെടുത്ത് രണ്ടു വർഷം കഴിഞ്ഞിട്ടും ഓടകളുടെയും ഡി ആറുകളുടെയും പണികൾ മാത്രമാണ് നടന്നത്. ഈ വർഷത്തെ തീർത്ഥാടന കാലത്തിനു മുമ്പ് മണ്ണാറക്കുളഞ്ഞി മുതൽ പ്ലാപ്പള്ളി വരെ റോഡ് വികസനം പൂർത്തിയാക്കുമെന്ന് മുമ്പ് ദേശീയ ഹൈവേ വിഭാഗം പുനലൂർ സെക്ഷൻ അറിയിച്ചിരുന്നെങ്കിലും പണി നീണ്ടുപോകുകയായിരുന്നു. അപകടം നടക്കുമ്പോൾ രക്ഷാപ്രവർത്തകരെ അറിയിക്കാനും മറ്റും മൊബൈൽ നെറ്റ് വർക്ക് ഇല്ലാത്ത ഭാഗമാണിത്. റാന്നിയിൽ നിന്നും നിലയ്ക്കൽ നിന്നും ഫയർ ഫോഴ്സും ആംബുലൻസും എത്താൻ സമയമേറെയെടുക്കും.
തീർത്ഥാടന പാതകളിൽ അടിയന്തരമായി സുരക്ഷിത സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിന് റോഡ് സേഫ്റ്റി അധികൃതർക്ക് നിർദ്ദേശം നൽകിയതായി പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു.