
ശബരിമല : പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള പരമ്പരാഗത പാതയിൽ കല്ലുകൾ പാകുന്ന പണികൾ പാതിവഴിയിൽ. കേന്ദ്ര സർക്കാരിന്റെ സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 12.10 കോടി രൂപ ചെലവഴിച്ചാണ് പാതയുടെ നവീകരണം. തീർത്ഥാടനത്തിന് മുമ്പ് പാതയുടെ നിർമ്മാണം പൂർത്തിയാക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. തീർത്ഥാടനം ആരംഭിച്ച് നാലുദിനം പിന്നിടുമ്പോഴും നീലിമല, അപ്പാച്ചിമേട് ഭാഗങ്ങളിലായി 250 മീറ്ററോളം ഭാഗത്ത് പണിപൂർത്തിയായിട്ടില്ല. പരമ്പരാഗത പാതയുടെ പല ഭാഗങ്ങളിലും വലിയ കല്ലുകൾ കൂട്ടിയിട്ടിരിക്കുകയാണ്. നീലിമല, അപ്പാച്ചിമേട്, ശരംകുത്തി ഭാഗങ്ങളിലാണ് ഇനിയും പണി പൂർത്തിയാകാനുള്ളത്. നിർമ്മാണം പൂർത്തിയായ ഭാഗങ്ങളിൽ ബാരിക്കേഡിന്റെ ഉയരം കുറഞ്ഞതും അപകടങ്ങൾക്ക് കാരണമാകുന്നു.
പമ്പയിൽ നിന്ന് ശരംകുത്തിവരെ ഏഴു മീറ്റർ വീതിയിലും 2,770 മീറ്റർ നീളത്തിലുമാണ് കല്ലുകൾ വിരിക്കുന്നത്.