albi

കൊടുമൺ : പോൾവാട്ടിനുപയോഗിക്കുന്ന മുപ്പതിനായിരം മുതൽ മൂന്ന് ലക്ഷം രൂപ വരെ വിലവരുന്ന ഫൈബർ ഗ്ളാസുകൊണ്ട് നിർമ്മിക്കുന്ന പോൾ വാങ്ങാൻ കഴിയാതെ മുളങ്കമ്പുമായി ചാടി ആൽബി സ്റ്റാൻലി നേടിയത് സംസ്ഥാന മീറ്റിലേക്കുള്ള ടിക്കറ്റ്. സീനിയർ വിഭാഗം പോൾ വാട്ടിൽ അടൂർ ഗവ.ബി.എച്ച്.എസ്.എസിലെ പ്ളസ് ടു വിദ്യാർത്ഥി ആൽബി സ്റ്റാൻലി രണ്ടാംസ്ഥാനം സ്വന്തമാക്കി. പിതാവ് സ്റ്റാൻലിദാസിന്റെ കീഴിലുള്ള പരിശീലനത്തിലൂടെയാണ് 2.35 മീറ്റർ ഉയരം ചാടികടന്നത്. മറ്റു സ്കൂളുകളിൽ നിന്ന് എത്തിയവർ ഫൈബർ ഗ്ളാസ് പോൾ ഉപയോഗിച്ച് ചാടിയപ്പോൾ ആൽബിക്ക് തുണയായത് മുളങ്കമ്പാണ്. സമീപവാസിയുടെ പുരയിടത്തിലെ മണ്ണ് കിളച്ചുമറിച്ച് അതിന് മുകളിലേക്ക് ചാടിയായിരുന്നു പരിശീലനം. അടൂർ കരുവാറ്റ കുന്നുതറയിൽ വീട്ടിൽ സ്റ്റാൻലിദാസ് - ഷൈനി ദമ്പതികളുടെ മകനാണ്. ഒരുമാസം നീണ്ടുനിന്ന പരിശീലനത്തിനൊടുവിലാണ് ഇതാദ്യമായി പോൾവാട്ടിൽ സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അവസരമൊരുങ്ങിയത്. പോൾ വാങ്ങാനുള്ള പണമില്ലാത്തതിനാൽ പലരും മത്സരത്തിൽ നിന്ന് ഒഴിവാകുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ പലവിദ്യാർത്ഥികളും ആൽബി സ്റ്റാലിൻ കൊണ്ടുവന്ന മുളങ്കമ്പുമായാണ് പങ്കെടുത്തത്.