പന്തളം : ശബരിമല തീർത്ഥാടകർക്ക് കെ.എസ്.ആർ.ടി.സി ടിക്കറ്റ് ചാർജ് വർദ്ധിപ്പിച്ചത് നീതികരിക്കാൻ കഴിയില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. പന്തളത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീർത്ഥാടന കാലത്ത് വൻ വരുമാനമാണ് കെ.എസ്.ആർ.ടി.സിക്ക് ലഭിക്കുന്നത്. എന്നിട്ടും ചാർജ് കൂട്ടുന്നത് ശരിയല്ല. ദേവസ്വം ബോർഡ് സർക്കാരും കാര്യമായ അടിസ്ഥാന സൗകര്യങ്ങൾ തീർത്ഥാടകർക്കുവേണ്ടി ഒരുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും സർക്കാരും ദേവസ്വം ബോർഡും പൂർണ പരാജയമാണ് .കോട്ടയം,ഏറ്റുമാനൂർ, ചെങ്ങന്നൂർ, തിരുവല്ല ,പമ്പ, ശബരിമല ,എരുമേലി ,എന്നീ ഇടത്താവളങ്ങളിൽ അയ്യപ്പഭക്തന്മാർ നേരിടുന്ന പ്രതിസന്ധിക്ക് പ്രധാനകാരണം സർക്കാർ ഉണർന്നു പ്രവർത്തിക്കാത്തതാണ്. ഇവിടങ്ങളിൽ 24 മണിക്കൂറും മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വിവിധ വകുപ്പ് മേധാവിമാരുടെയും ജില്ലാ കളക്ടറുടെയും സേവനം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.കെ.പ്രതാപൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എസ് സൂരജ് നഗരസഭ ചെയർപേഴ്‌സണൽ സുശീല സന്തോഷ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.