പന്തളം: നഗരസഭ ശബരിമല തീർത്ഥാടകർക്കായി ഇത്തവണ പന്തളത്ത് വിപുലമായ ഒരുക്കം നടത്തിയതായി പന്തളം നഗരസഭ ഭരണസമിതിയംഗങ്ങൾ പത്രസമ്മേളനത്തിൽ പറഞ്ഞു. പാർക്കിംഗ് മൈതാനം മണ്ണിട്ടുയർത്തൽ, വഴിവിളക്ക് ഹൈമാസ്റ്റ് ലൈറ്റുകൾ, പൂഴിക്കാട്, ആതിരമല, കടയ്ക്കാട്, മുടിയൂർക്കോണം, മുട്ടാർ, കുടശനാട് പള്ളി ഭാഗം തുടങ്ങിയ സ്ഥലങ്ങളിൽ ഹൈപ്പർ ലൈറ്റ്, വൈദ്യുതി ലൈൻ വലിക്കൽ, ഇൻഫർമേഷൻ സെന്റർ, അച്ചൻകോവിലാറ്റിൽ തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഒൻപത് കടവുകളിലെ മാലിന്യം നീക്കൽ എന്നിവ പദ്ധതിയിലുണ്ട്. 10 ലക്ഷം രൂപ ചെലവിൽ ക്ഷേത്രത്തിന് സമീപം ശൗചാലയം പണിയുന്നതിന് പദ്ധതിയുണ്ട്. ഈ സീസണിൽത്തന്നെ പണി പൂർത്തിയാക്കും. വിവിധ വകുപ്പുദ്യോഗസ്ഥർക്ക് പുതിയ ദേവസ്വം കെട്ടിടത്തിൽ താമസ സൗകര്യവും പഴയ കെട്ടിടത്തിൽ ആരോഗ്യ വിഭാഗങ്ങളുടെ താത്ക്കാലിക ആശുപത്രികളും ക്രമീകരിച്ചിട്ടുണ്ടെന്ന് ചെയർ പേഴ്‌​സൺ സുശീല സന്തോഷ്, വൈസ് ചെയർ പേഴ്‌​സൺ യു.രമ്യ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ അഡ്വ.രാധാകൃഷ്ണനുണ്ണിത്താൻ, കെ.സീന, ബെന്നിമാത്യു, കൗൺസിലർ പി.കെ.പുഷ്പലത എന്നിവർ പറഞ്ഞു.