പത്തനംതിട്ട : കഴിഞ്ഞ ദിവസങ്ങളിൽ കൊടുമണ്ണിൽ നടന്ന റവന്യു ജില്ലാ സ്കൂൾ കായികമേളയ്ക്ക് പുതുമയേറെയായിരുന്നു. ജില്ലയിലെ കൗമാര താരങ്ങൾ ആദ്യമായി സിന്തറ്റിക് ട്രാക്കിൽ ഒാടാനിറങ്ങിയതായിരുന്നു ഇത്തവണത്തെ വലിയ പ്രത്യേകത. പുതിയ വേഗവും സമയവും കണ്ടെത്തി ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർ സംസ്ഥാന മീറ്റിലേക്ക് യോഗ്യത നേടി. എല്ലാ വർഷവും മണ്ണ് ട്രാക്കിൽ ഒാടി പരിശീലിച്ചാണ് നമ്മുടെ താരങ്ങൾ സിന്തറ്റിക് ട്രാക്കിൽ മത്സരിച്ചിരുന്നത്. ട്രാക്ക് മത്സരങ്ങളിൽ ജില്ലയുടെ പ്രകടനം സംസ്ഥാന മീറ്റുകളിൽ പൊതുവേ മോശമായിരുന്നു. ഇത്തവണ സിന്തറ്റിക് ട്രാക്ക് പരിചയിച്ച താരങ്ങൾ സംസ്ഥാന മീറ്റിലെ ട്രാക്ക് മത്സരങ്ങളിൽ നിന്ന് മെഡലുകൾ നേടുമെന്നാണ് പ്രതീക്ഷ.
ഡിസംബർ മൂന്ന് മുതൽ ആറ് വരെ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് ഇൗ വർഷത്തെ സംസ്ഥാന മീറ്റ്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മീറ്റ് പൂർണതോതിൽ നടക്കുന്നത്.
2019ൽ കണ്ണൂരിൽ നടന്ന സംസ്ഥാന മീറ്റിൽ പത്തനംതിട്ട ജില്ലാ 13ാം സ്ഥാനത്തായിരുന്നു. രണ്ട് സ്വർണവും ഒരു വെള്ളിയും രണ്ടു വെങ്കലവുമാണ് ജില്ലയിലെ താരങ്ങൾ നേടിയത്.
ജൂനിയർ ആൺകുട്ടികളുടെ ജാവലിൻ ത്രോയിൽ ഇരവിപേരൂർ സെന്റ് ജോൺസ് എച്ച്.എസ്.എസിലെ വിജയ് ബിനോയ് സ്വർണം നേടിയിരുന്നു. ഡിസ്കസ് ത്രോയിൽ വെളളിയും ഷോട്ട്പുട്ടിൽ വെങ്കലവും നേടി വിജയ് പത്തനംതിട്ടയുടെ മാനം കാത്തു.
ജൂനിയർ ആൺകുട്ടികളുടെ ഹൈജംപിൽ കോഴഞ്ചേരി സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിലെ ഭരത് രാജും സ്വർണം നേടി. സീനിയർ ആൺകുട്ടികളുടെ ഷോട്ട്പുട്ടിൽ ഇരവിപേരൂർ സെന്റ് ജോൺസ് എച്ച്.എസ്.എസിലെ പി.എസ്.അജ്നാസ് വെങ്കലം നേടി.
ഗെയിംസ് ഇനത്തിൽ ഗുസ്തിയിൽ പത്തനംതിട്ടയിലെ താരങ്ങൾ ഒരു വെളളിയും രണ്ട് വെങ്കലവും നേടി. സീതത്തോട് കെ.ആർ.പി.എം എച്ച്.എസ്.എസിലെ കെ.ആർ.റെയ്സൺ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ വെളളി നേടി. ഇതേ സ്കൂളിലെ ശരത് എസ്.നായരും സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിലും തട്ട എൻ.എസ്.എസ് എച്ച്.എസ്.എസിലെ അജയ് കൃഷ്ണനും വെങ്കല മെഡലുകൾ നേടി.
ഇത്തവണ സംസ്ഥാന മീറ്റിലേക്ക് ജില്ലയിൽ നിന്ന് ഇരുന്നൂറോളം താരങ്ങൾ പങ്കെടുക്കും.
സിന്തറ്റിക് ട്രാക്കിലെ പരിചയവുമായി ജില്ലയിലെ അത് ലറ്റുകൾ
സംസ്ഥാന മീറ്റ് ഡിസം. 3 മുതൽ ആറ് വരെ തിരുവനന്തപുരത്ത്
2019ൽ പത്തനംതിട്ടയ്ക്ക് 13ാം സ്ഥാനം