football

പത്തനംതിട്ട : ഗോൾ ആരവത്തിൽ പങ്കാളികളായി ശബരിമല തീർത്ഥാടകരും പൊലീസ് ഉദ്യോഗസ്ഥരും. ലോകകപ്പ് ഫുട്ബാൾ മത്സരത്തിന്റെ ആവേശമുയർത്തി ആദിവാസി ഊരുകളിലുള്ളവരും ഗോൾ അടിച്ചു. വൺ മില്യൺ ഗോളിന്റെ ആരവം ശബരിമല ബേസ് ക്യാമ്പായ നിലക്കലിൽ എത്തിയപ്പോൾ ഗോൾ വല നിറയ്ക്കാൻ കൊച്ച് മണികണ്ഠൻ മുതൽ പ്രായമായ മാളികപ്പുറങ്ങൾ വരെ നിരന്നുനിന്നു.
പത്തനംതിട്ട ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ വൺ മില്യൺ ഗോൾ ജില്ലാ അംബാസിഡർ കെ.ടി.ചാക്കോ, സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി അമൽജിത്ത് എന്നിവർ
വിവിധ ഇടങ്ങളിൽ നടന്ന ഗോൾ നിറയ്ക്കൽ മത്സരത്തിന് നേതൃത്വം നൽകി.

ശബരിമല കാടുകളിലെ വനവാസി കുടുംബങ്ങൾ താമസിക്കുന്ന മഞ്ഞ തോട്ടിൽ നിന്നുമാണ് ഗോൾ വണ്ടിയുടെ യാത്ര തുടങ്ങിയത്. മഞ്ഞത്തോട് കോളനിയിലെ ആദിവാസി മൂപ്പൻ മുതൽ കുട്ടികൾ വരെ ഗോൾ വല നിറയ്ക്കാൻ എത്തി. ശബരിമല പ്രധാന ഇടത്താവളമായ നിലയ്ക്കലിൽ ഗോൾ വണ്ടി എത്തിയപ്പോൾ അവേശം നിറഞ്ഞ വരവേൽപ്പാണ് ലഭിച്ചത്.
തത്വമസി മന്ത്രം മനസിൽ നിറച്ച് എത്തിയ മണികണ്ഠൻമാരും മാളികപ്പുറങ്ങളും ഗോൾ വലചലിപ്പിച്ചു.
നിലയ്ക്കലിൽ രണ്ട് മണിക്കൂർ നീണ്ട് നിന്ന ഗോളടി മത്സരത്തിൽ നൂറ് കണക്കിന് അയ്യപ്പ ഭക്തരും ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരും പങ്കാളികളായി.
നിലയ്ക്കലിൽ നിന്ന് ഗോൾ വണ്ടി എത്തിയത് മണിയാർ പൊലീസ് ക്യാമ്പിലായിരുന്നു. ഡ്യൂട്ടി തിരക്കിനിടയിലും ക്യാമ്പിലെ പൊലിസ് ഉദ്യോഗസ്ഥരും ഗോൾ നേടാനായി എത്തി.

ലോകകപ്പിന്റെ ആരവത്തിലാണ് മലയോരനാട്. ജില്ലയിലെ മുഴുവൻ മേഖലയിലും ഫുട്ബാൾ ആവേശം നിറഞ്ഞതിൽ അതിയായ സന്തോഷമുണ്ട്.

കെ.അനിൽ കുമാർ,

ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ്