 
പന്തളം : അന്ധവിശ്വാസത്തെ കൂട്ടുപിടിക്കുന്ന പ്രവണത ശക്തമാകുകയാണെന്ന് എസ്.എൻ.ഡി.പിയോഗം പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയനിലെ വനിതാസംഘത്തിന്റെ നേതൃത്വത്തിൽ അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരെ നടന്ന ജനജാഗ്രത സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്രം പഠിക്കുക മാത്രമല്ല, അത് ജീവിതത്തിൽ പ്രായോഗികമാക്കേണ്ടതും ഏറെ പ്രധാനമാണ്. ശാസ്ത്രീയചിന്തകൾ വ്യാപകമായി പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകതയും കൂടുതൽ ചർച്ചയാകണം. ശാസ്ത്രീയചിന്ത വളർത്താനും അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും ഇല്ലായ്മ ചെയ്യാനും എല്ലാവിഭാഗം ജനങ്ങളുടെയും യോജിച്ച മുന്നേറ്റം അനിവാര്യമാണ്. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായി ശക്തമായ നിയമനിർമ്മാണം നടത്തുവാൻ സർക്കാർ തയ്യാറാകണമെന്നും സിനിൽ മുണ്ടപ്പള്ളി ആവശ്യപ്പെട്ടു. വനിതാസംഘം കേന്ദ്രസമിതിയംഗം വിമല രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി ഡോ.ഏ.വി.ആനന്ദരാജ് മുഖ്യപ്രഭാഷണം നടത്തി. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ, യൂണിയൻ കൗൺസിലർമാരായ എസ്.ആദർശ്, ഉദയൻ പാറ്റൂർ, സുരേഷ് മുടിയൂർക്കോണം,വനിതാസംഘം സെക്രട്ടറി സുമാവിമൽ, ശാഖാ ഭാരവാഹികളായ ജയപ്രസാദ്, മിനി , ശ്രീകാന്ത് കുറ്റിയിൽ, സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരെ യൂണിയനിലെ മുഴുവൻ ശാഖകളിലും വാർഡുകളിലും ജനജാഗ്രതാസദസ് സംഘടിപ്പിക്കുവാനും സമൂഹത്തെ ബോധവൽക്കരിക്കാനുമുള്ള ക്യാമ്പയിൻ ഏറ്റെടുക്കാനും യോഗം തീരുമാനിച്ചു.