നാരങ്ങാനം: ശബരിമല മണ്ഡലവിളക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ട് പ്രധാന റോഡുകളിൽ യാത്ര ചെയ്യുന്ന അയ്യപ്പ ഭക്തർക്ക് സഹായങ്ങൾ എത്തിച്ചു കൊടുക്കുന്നതിനായി ആറന്മുള പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രധാനപ്പെട്ട വാഹനങ്ങളുടെ ഷോറൂമുകളും വർക്ക് ഷോപ്പുകളുമായി ചേർന്ന് സേഫ് ആറന്മുള എന്ന പേരിൽപദ്ധതി ആരംഭിക്കുന്നു.ചെങ്ങന്നൂർ പത്തനംതിട്ട റോഡിലും, തിരുവല്ല കോഴഞ്ചേരി റാന്നി റോഡിലും മറ്റും അപകടങ്ങൾ ഉണ്ടാകുമ്പോഴും വാഹനങ്ങൾക്ക് തകരാറുകൾ സംഭവിക്കുമ്പോഴും അടിയന്തരമായ സഹായം നൽകി യാത്ര സുഗമമാക്കുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. വാഹനങ്ങളുടെ തകരാറുകൾ പരിഹരിക്കുന്നതിന് അടുത്തുള്ള വാഹന വർക്ക് ഷോപ്പുകളെ വിവരമറിയിക്കുകയും, പെട്ടെന്ന് സ്ഥലത്തെത്തുന്നതിന് ഫോക്കസ് ഓട്ടോമൊബൈൽസ് തെക്കേമല ,കുറ്റിക്കാട്ടിൽ മോട്ടോഴ്‌സ്, തെക്കേമല , ചെറുകര മോട്ടോഴ്‌സ്, കോഴഞ്ചേരി, മെറിഡിയൻ മോട്ടോ , തെക്കേമല ടി.വി.എസ് റിനോൾട്ട് സർവീസ് സെന്റർ,തെക്കേമല, ഫ്രണ്ട്‌സ് ഓട്ടോമൊബൈൽസ്, കോഴഞ്ചേരി,ഗ്ലോബൽ ആട്ടോ ഗാരേജ്, ഇലന്തൂർ. എസ്. ജി.എം ഓട്ടോ ഗ്യാരേജ്, ആറാട്ടുപുഴ,എവിജി മോട്ടോഴ്‌സ് കോഴഞ്ചേരി, അനന്തു ഓട്ടോമൊബൈൽസ് ആറന്മുള, ബെസ്റ്റ് ഓട്ടോമൊബൈൽസ് ആറന്മുള എന്നീ സ്ഥാപനങ്ങളുമായി 18ന് സ്റ്റേഷനിൽ നടന്ന യോഗത്തിൽ ധാരണയായി. തീർത്ഥാടകർക്ക് ആവശ്യമായ ക്രെയിൻ / റിക്കവറി വാൻ ലഭ്യമാക്കുന്നതിനും ആംബുലൻസ് സൗകര്യം ഉറപ്പു വരുത്തുന്നതിനും ഇതുവഴി കഴിയും.
വാഹനങ്ങളുടെ അറ്റകുറ്റപ്പണിയും സേവനത്തിന്റെ ഭാഗമാക്കും
വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി സ്‌പെയർപാട്‌സ് കടകളുടെ സഹകരണവും ടയർ പഞ്ചർ വർക്ക് ഷോപ്പുകളുടെ സേവനവും ഭാവിയിൽ ഇതിന്റെ ഭാഗമാക്കുന്നതാണ്.ഇതിന്റെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് വേണ്ടി വാട്സ് ആപ് ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്. പൊലീസ് സ്റ്റേഷനിൽ ലഭിക്കുന്ന വിവരങ്ങൾ ഈ ഗ്രൂപ്പ് വഴി അറിയിക്കുകയും സഹായം ലഭ്യമാക്കുകയും ചെയ്യുന്ന രീതിയിലാണ് ഇതിന്റെ പ്രവർത്തനം ക്രമീകരിച്ചിരിക്കുന്നത്. പൊതു ജനങ്ങൾക്കും വിവരങ്ങൾ ആറൻമുള പൊലീസിന്റെ എന്ന 9497908221 ഫോൺ നമ്പരിലേക്ക് അറിയിക്കാവുന്നതാണ്.
വിവിധ ഭാഷ സൈൻ ബോർഡുകൾ സ്ഥാപിക്കും
ആറൻമുള പൊലീസിന്റെ നേതൃത്വത്തിൽ തെക്കമല ജംഗ്ഷൻ, പൊയ്യാനിൽ ജംഗ്ഷൻ, ഐക്കര ജംഗ്ഷൻ എന്നിവിടങ്ങളിൽ വിവിധ ഭാഷ സൈൻ ബോർഡുകൾ സ്ഥാപിക്കും. കോഴഞ്ചേരി ബസ് സ്റ്റാൻഡ് ജംഗ്ഷനിലും ആറന്മുള ക്ഷേത്രത്തിലും , കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും പൊലീസ് എയ്ഡ് പോസ്റ്റുകൾ സ്ഥാപിച്ചു. പ്രധാന റോഡുകളിൽ വാഹന പരിശോധന കർശനമാക്കി. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദ്ദേശപ്രകാരം പത്തനംതിട്ട ഡി.വൈ.എസ്.പി കെ.നന്ദകുമാറിന്റെ മേൽനോട്ടത്തിൽ ആറന്മുള പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സി.കെ മനോജ്, എസ്.ഐ അനിരുദ്ധൻ,എസ്.ഐ ഹരീന്ദ്രൻ നായർ എ.എസ്.ഐ അജി. ,സി.പി.ഒ അനിലേഷ്,എസ്.സി.പി.ഒ ബിനു.കെ ഡാനിയൽ,താജുദ്ദീൻ, ഫൈസൽ എന്നിവരും ആറൻമുള സ്റ്റേഷനിലെ മറ്റു പൊലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.