പത്തനംതിട്ട : ദേശീയ ക്ഷീരദിനം ആചരിക്കുന്നതിന്റെ ഭാഗമായി 25നും 26നും രാവിലെ 10 മുതൽ വൈകുന്നേരം നാലുവരെ പൊതുജനങ്ങൾക്ക് മിൽമയുടെ പത്തനംതിട്ട ഡയറി സന്ദർശിക്കുവാൻ സൗകര്യം ഒരുക്കിയിരിക്കുന്നു. ക്ഷീര മേഖലയുമായി ബന്ധപ്പെട്ട ക്ലാസുകൾ, പ്രദർശന സ്റ്റാളുകൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്ന ഐ.എസ്.ഒ 220002018 സർട്ടിഫിക്കേഷൻ ലഭിച്ച ദക്ഷിണ കേരളത്തിലെ ആദ്യ ഡയറിയാണ് പത്തനംതിട്ട ഡയറി. പത്തനംതിട്ട ഡയറിയിൽ നിന്ന് ഉത്പ്പാദിപ്പിച്ച് വിതരണം ചെയ്യുന്ന പാൽ, തൈര്, അത്യന്തം സ്വാദിഷ്ടമായ ജാക്ക്ഫ്രൂട്ട് പേഡ, കപ്പിലുള്ള കട്ട തൈര്, കപ്പിലുള്ള സംഭാരം, പനീർ തുടങ്ങിയ ഉത്പന്നങ്ങളുടെ നിർമ്മാണം നേരിട്ട് കാണുവാനും ഡയറിയുടെ ദൈനംദിന പ്രവർത്തനങ്ങൾ കണ്ടു മനസിലാക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. നെയ്യ്, ബട്ടർ, പനീർ, മിൽമ പേഡപാൽക്രീമിൽ നിന്നും ഉത്പാദിപ്പിക്കുന്ന അത്യന്തം സ്വാദിഷ്ടമായ വിവിധ ഇനം മിൽമ ഐസ്‌ക്രീമുകൾ, ഗുലാബ്ജാമുൻ, പാലട, മിൽമയുടെ വിവധതരം ചോക്കലേറ്റുകൾ, മിൽമ സിപ് അപ്, മിൽക്ക് ലോലി, മിൽമ മാങ്കോ ജൂസ്, റസ്‌ക്ക്, മിൽമ ഫ്ലവേർഡ് മിൽക്ക്, കപ്പ് കേക്ക് തുടങ്ങിയവ ഡിസ്‌കൗണ്ട് റേറ്റിൽ ഡയറിയിൽ നിന്നും വാങ്ങാനുള്ള അവസരവും ഈ ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് ലഭ്യമാകും. ആഘോഷത്തോട് അനുബന്ധിച്ച് സ്‌കൂൾ വിദ്യാർത്ഥികൾക്കായി മിൽക്ക് ക്വിസും, പെയിന്റിംഗ് മൽസരവും നടത്തും. എട്ട് മുതൽ 10വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി മിൽക്ക് ക്വിസും, അഞ്ച് മുതൽ ഏഴ് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി പെയിന്റിംഗ് മൽസരങ്ങളും ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് പത്തനംതിട്ട ഡയറിയിലെ കോൺഫറൻസ് ഹാളിൽ നടക്കും. വിജയികൾക്ക് സമ്മാനങ്ങൾ ക്ഷീരദിനമായ 26ന് നൽകും.