പത്തനംതിട്ട : ജനറൽ ആശുപത്രിയിൽ ഒ.പിയ്ക്ക് മുമ്പിലുള്ള വാഹന പാർക്കിംഗ് നീക്കി. രോഗികൾ ഡോക്ടറെ കാണാൻ ഊഴം കാത്തിരിക്കുന്ന സ്ഥലത്തായിരുന്നു വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത്. ജീവനക്കാരും രോഗികളുമായെത്തുന്നവരുമെല്ലാം ഇത്തരത്തിൽ പാർക്കിംഗ് കൈയേറിയത്. ജനറൽ ഒ.പിയ്ക്ക് മുമ്പിൽ രോഗികൾക്ക് ഇരിപ്പിടമൊരുക്കിയിട്ടുള്ള സ്ഥലമാണിത്. ഇരുചക്ര വാഹനങ്ങളാണ് കൂടുതൽ ഉള്ളതെങ്കിലും കാർ അടക്കമുള്ള വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യാറുള്ളതിനാൽ രോഗികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇതു സംബന്ധിച്ച് കഴിഞ്ഞിടെ കേരള കൗമുദി വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ഒ.പിയിൽ വരുന്ന രോഗികൾക്കായി ഇരിപ്പിടം ഒരുക്കിയിട്ടുണ്ടെങ്കിലും അതിലേറെ ആളുകൾ ആശുപത്രിയിൽ എത്തുന്നുണ്ട്. അഡ്മിനിസ്‌ട്രേറ്റീവ്, ശബരിമല ബ്ലോക്കുകളുടെ പ്രവേശന കവാടം കൂടിയായിരുന്നു വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഈഭാഗം. ശബരിമല മണ്ഡലകാലം ആരംഭിച്ചതോടെ നിരവധി തീർത്ഥാടകർ ആശ്രയിക്കുന്ന ആശുപത്രി കൂടിയാണിത്. വാഹനങ്ങൾ രോഗികൾ കയറാതിരിക്കാൻ കയറ് കെട്ടി തിരിച്ചിട്ടുണ്ട്. മറ്റ് വാഹനങ്ങളുടെ പാർക്കിംഗ് കാരണം ആംബുലൻസുകൾക്ക് പോലും ഈ ഭാഗത്തേക്ക് കയറാൻ ബുദ്ധിമുട്ടായിരുന്നു. വാഹന പാർക്കിംഗ് നീക്കിയതോടെ ഇതിന് പരിഹാരമായി.