തിരുവല്ല: തീരം ഇടിഞ്ഞുതാഴുന്നത് മണിമലയാറിന്റെ കൈവഴിയുടെ സമീപവാസികളെ ഭീതിയിലാക്കുന്നു. തിരുവല്ല നഗരസഭയിലെ മതിൽഭാഗം ചക്രക്ഷാളനകടവിന്റെ തീരമാണ് ഇടിയുന്നത്. പുളിക്കീഴുനിന്ന് ആരംഭിച്ച് കദളിമംഗലം ക്ഷേത്രത്തിന് സമീപത്തുകൂടി വീണ്ടും മണിമലയാറിലേക്ക് ഒഴുകുന്ന കൈത്തോടാണിത്.സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുടുംബങ്ങളാണ് ഇവിടെയുള്ളത്. തീരം ഇടിയാതിരിക്കാനായി തീരത്ത് നട്ടുവളർത്തിയ മുളങ്കൂട്ടം ആറ്റിലേക്ക് കടപുഴകി. ഏത് നിമിഷവും വീടിന്റെ ഭാഗം കവർന്നെടുക്കാവുന്ന നിലയിലാണ് ആറ് ഒഴുകുന്നത്. ഇവിടെ സംരക്ഷണഭിത്തിയില്ല. തിരുവല്ല നഗരസഭയിലെ 25-ാം വാർഡിൽ ഉൾപ്പെടുന്ന ഭാഗത്തുമാത്രമാണ് സംരക്ഷണഭിത്തിയില്ലാത്തത്. ആറിന്റെ മിക്കഭാഗത്തും മണൽവാരി വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. സംരക്ഷണ ഭിത്തി കെട്ടാൻ നഗരസഭ പദ്ധതി തയ്യാറാക്കിയെങ്കിലും കരാർ ഏറ്റെടുക്കാൻ ആളില്ലാത്തതിനെ തുടർന്ന് പണികൾ മുടങ്ങി. മഴക്കാലം ശക്തമാകുന്നതിന് മുമ്പെങ്കിലും തീരത്ത് സംരക്ഷണഭിത്തി നിർമ്മിക്കണമെന്ന് സമീപവാസികൾ ആവശ്യപ്പെട്ടു. അഞ്ചോളം വീടുകൾ അപകടാവസ്ഥയിലായിട്ടും അധികാരികൾ തിരിഞ്ഞുനോക്കിയിട്ടില്ല.